കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം: സിപിഎം നേതാവിന്റെ കമ്പനിക്ക് നോട്ടീസ്

സ്വന്തം പ്രതിനിധി

ഇടുക്കി: കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുമായി ദേവികുളം സബ്കലക്ടര്‍. സിപിഎം നേതാവിന്റെ ഉടസ്ഥതയിലുള്ള കമ്പനിക്കും ചെന്നൈ ആസ്ഥാനമായ കമ്പനിക്കും ഇവരുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനാണ് ദേവികുളം സബ്കലക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പെരുമ്പാവൂരിലെ സിപിഎം നേതാവ് സിഒവൈ റജിയുടെ പേരിലുള്ള റോയല്‍ പ്ലാന്റേഷന്‍, ചെന്നൈ ആസ്ഥാനമായ ജോര്‍ജ് മെജോ കമ്പനികള്‍ രേഖകള്‍ ഹാജരാക്കണം. സിഒവൈ റജിയുടെ പേരിലുള്ള റോയല്‍ പ്ലാന്റേഷന്‍ കമ്പനി വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. റോയല്‍ പ്ലാന്റേഷന്റെ രേഖകള്‍ ജനുവരി ആദ്യവാരവും ജോര്‍ജ് മൈജോയുടെ രേഖകള്‍ ഫെബ്രുവരി ആദ്യവാരവും ഹാജരാക്കാനാണ് സബ്കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപരമായി 62 ഏക്കറും അനധികൃതമായി 100 കണക്കിന് ഏക്കര്‍ സ്ഥലവുമാണ് ഈ മേഖലയില്‍ റോയല്‍ പ്ലാന്റേഷനുള്ളതെന്നാണു വിവരം. അതേസമയം, നോട്ടീസ് നല്‍കിയതിലൂടെ വിവാദം നിലനില്‍ക്കുന്ന ഭൂമിയില്‍ കൃഷിക്കാരുണ്ടെന്ന സിപിഎമ്മിന്റെ വാദം തള്ളുന്ന നടപടിയാണ് റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത കമ്പനിയായതിനാല്‍ 62 ഏക്കര്‍ സ്ഥലവും കര്‍ഷകരില്‍നിന്ന് മുക്ത്യാര്‍ വഴി സ്വന്തമാക്കിയ നൂറു കണക്കിന് ഏക്കര്‍ സ്ഥലവും കണ്ടുകെട്ടാന്‍ റവന്യു വകുപ്പിനു സാധിക്കും. സമാന സ്വഭാവമുള്ള കമ്പനിയാണ് ചെന്നൈ ആസ്ഥാനമായ ജോര്‍ജ് മൈജോ.  വിവാദമുയര്‍ന്ന സാഹചര്യത്തില്‍ ഭൂമി തിരിച്ചുനല്‍കാന്‍ ഒരുക്കമാണെന്ന് ജോര്‍ജ് മൈജോ കമ്പനി റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, ഭൂമി ഏറ്റെടുക്കാന്‍ വകുപ്പിനായിട്ടില്ല. അതേസമയം, റോയല്‍ പ്ലാന്റേഷന്റെ പേരിലുള്ള ഭൂമിയുടെ രേഖകള്‍ പരിശോധിച്ചു നടപടി സ്വീകരിക്കുന്നതോടെ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ രേഖാപരിശോധനയിലും അധികൃതര്‍ക്കു കര്‍ശനമായ നടപടി കൈക്കൊള്ളേണ്ടിവരും. അങ്ങിനെയുണ്ടായാല്‍ സിപിഎമ്മിന്റെ കൊട്ടക്കാമ്പൂര്‍ ഭൂമി സംബന്ധമായ നിലപാടിനുള്ള തിരിച്ചടിയുമാവുമിത്.

RELATED STORIES

Share it
Top