കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ റോഡ്; ജനകീയ സമിതി രംഗത്ത്

അരീക്കോട്: പത്തനാപുരം തേക്കിന്‍ച്ചുവട് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ റോഡിനെതിരേ ജനകീയ സമിതി രംഗത്ത്. കാല്‍ നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച വനം വകുപ്പിന്റെ റോഡില്‍ യാതൊരുവിധ പ്രവൃത്തിയും നടത്താത്തതിനാല്‍ യാത്ര ഏറെ ദുരിതമാണ്.
വനഭൂമിയോട് ചേര്‍ന്ന് രണ്ട് എം സാന്‍ഡ് യൂനിറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍വേണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ റോഡില്‍ ക്വാറി വേസ്റ്റിട്ട് കുഴികള്‍ നികത്തുകയാണ്. ഇത് ഗുണത്തേക്കാളേറെ ദോഷകരമാണെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ക്വാറിമാലിന്യം ചെറുപുഴയിലേക്ക് ഒഴുക്കുന്നതിനാല്‍ വെള്ളം അശുദ്ധമാവുന്നുണ്ട്.
കുടിവെള്ളത്തിനും മറ്റുമായി ഉപയോഗിക്കുന്ന പുഴയാണിത്. പുഴയുടെ പുറംപോക്ക് ഭൂമിയില്‍ ക്വാറി ഉടമകള്‍ മൂന്ന് കിണര്‍ നിര്‍മിച്ച് വെള്ളം ഊറ്റുന്നതിനാല്‍ പ്രദേശത്ത് കുടിനീര്‍ ക്ഷാമം നേരിടുന്നുണ്ട്.
റോഡില്‍ അറ്റകുറ്റപ്പണി നടത്താന്‍ വനംവകുപ്പിന്റെ അനുമതിവേണമെന്നാണ് ഇവിടത്തെ നിയമം. എന്നാല്‍, കഴിഞ്ഞ ദിവസ്സം ക്വാറി മാഫിയകളുടെ പിന്തുണയോടെ ചില സന്നദ്ധ സംഘടകള്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയതിനെതിരേ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും നിരുത്തരവാദപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് റീ ടാര്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചതാണ്.
എന്നാല്‍, വനംവകുപ്പ് റോഡായതിനാല്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡില്‍ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ ഉണ്ട്. ക്വാറി മാഫിയക്ക് വേണ്ടി ജന്‍ഡ മാറ്റി സ്ഥാപിച്ചത് വിവാദമായിട്ടുണ്ട്. മുക്കം ചന്ദ്രന്‍, നിഷാദ് മോന്‍ എം പി, ഖാലിദ് കെ, സക്കീര്‍ ഹുസൈന്‍ എം പി, സഫീര്‍ ഇ പങ്കെടുത്തു.

RELATED STORIES

Share it
Top