കൊടുങ്ങല്ലൂര്‍ കളച്ചിറ ടവറില്‍ അഗ്നിബാധ; കോടികളുടെ നഷ്ടം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെനടയില്‍ വ്യാഴാഴ്ച്ച രാത്രിയില്‍ കളച്ചിറ ടവറിലുണ്ടായ അഗ്‌നിബാധ കൊടുങ്ങല്ലൂരിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്‌നിബാധയില്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
പത്തിലധികം ഫയര്‍ എഞ്ചിനുകള്‍, അമ്പതോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പൊലിസ്, നൂറുകണക്കിന് നാട്ടുകാര്‍ ഇവരെല്ലാം മണിക്കൂറുകളോളം കഠിന പ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എട്ടര മണിയോടെ റസ്റ്റ് ഹൗസിലെ കെയര്‍ടേക്കറാണ് തീപിടുത്തം ആദ്യം കണ്ടത്.ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിക്കുകയും പൊലിസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു. ആദ്യത്തെ രണ്ടര മണിക്കൂര്‍ സമയം ആളിപ്പടര്‍ന്ന തീയ്ക്കു മുന്നില്‍ രക്ഷാപ്രവര്‍ത്തകര്‍ നിസ്സഹായരായി നില്‍ക്കേണ്ടി വന്നു.
അര ലക്ഷം ലിറ്റര്‍ വെള്ളം, ആറ് ടിന്‍ അക്വാ ഫിലിം ഫോമിംഗ് ഫോം അത്രയും ഉപയോഗിച്ചാണ് ഒരു പരിധി വരെ തീ നിയന്ത്രിച്ചത്. എത്ര വെള്ളമൊഴിച്ചിട്ടും അണയാത്ത തീരക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കി. രണ്ടര മണിക്കൂറിന് ശേഷം കെട്ടിടത്തിന്റെ ഷട്ടറിലെ താഴുകള്‍ യന്ത്രമുപയോഗിച്ച് അറുത്തുമാറ്റിയപ്പോഴാണ് തീയണയ്ക്കാന്‍ വഴി തുറന്നത്. ഒടുവില്‍ തീയണച്ച് രക്ഷാപ്രവര്‍ത്തകര്‍ മടങ്ങുമ്പോള്‍ പുലര്‍ച്ചെ ഒന്നര മണിയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അഗ്‌നിശമന സേനാംഗത്തിന് പരിക്കേറ്റു. പറവൂര്‍ ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍ സി.എസ് സൂരജിനാണ് പരിക്കേറ്റത്. കൈയ്ക്ക് മുറിവേറ്റ ഇയാള്‍ക്ക് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. ജില്ലാ ഫയര്‍ ഓഫീസര്‍ സുജിത്ത്, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ടി. രാമമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘവും, കൊടുങ്ങല്ലൂര്‍ എസ്.ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലിസും നാട്ടുകാരും ആദ്യാവസാനം കഠിന പരിശ്രമം നടത്തി. തീപിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ച കള്ളച്ചിറ ടവറില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് സൂചന. അപകട സാധ്യത മുന്നില്‍ കണ്ട് കൊടുങ്ങല്ലൂര്‍ ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ കെട്ടിട ഉടമയ്ക്ക് രണ്ട് വട്ടം നോട്ടീസ് നല്‍കിയിരുന്നു.ബഹുനില കെട്ടിടങ്ങളില്‍ തീയണയ്ക്കാനുള്ള സംവിധാനമുള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വേണമെന്നാണ് ചട്ടം.

RELATED STORIES

Share it
Top