കൊടുങ്ങല്ലൂരിലിത് വേണ്ടായിരുന്നു

എന്‍ എം സിദ്ദീഖ്

ഇനിയും മരിക്കാത്ത നമ്മള്‍ മരണാനന്തരം എന്നവിധമെന്തെങ്കിലും അന്ത്യാഭിലാഷം എഴുതിവച്ചിട്ട് എന്തു കാര്യമെന്നു ചിന്തിക്കേണ്ടതിലേക്കാണ് നജ്മല്‍ ബാബുവിന്റെ മൃതദേഹം ദഹിപ്പിച്ചവരുടെ ചെയ്തിയെ കാണേണ്ടത്. ഇടതു ലിബറല്‍ മതേതരവാദികളും 70-80കളിലെ യുവകവികളും ക്ഷുഭിതയൗവനങ്ങളും വരെ ടി എന്‍ ജോയിയുടെ അന്ത്യാഭിലാഷം തമാശിക്കലായി വ്യാഖ്യാനിച്ച് അദ്ദേഹത്തിന്റെ അന്തസ്സോടെ മരിച്ചടക്കപ്പെടാനുള്ള മനുഷ്യാവകാശത്തെ അത്രമേല്‍ അപഹസിക്കുന്നു. പ്രശസ്തമായ ഒരു ലീഗല്‍ മാക്‌സിം മനുഷ്യന്റെ വ്യക്തിനിഷ്ഠത മരണത്തിലവസാനിക്കുമെന്നു പറയുന്നുവെങ്കിലും മൃതദേഹത്തിന് മാന്യതയും അവകാശങ്ങളും ഉണ്ടെന്നാണ് എല്ലാ പരിഷ്‌കൃത നിയമവ്യവസ്ഥകളും പറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, ജീവിക്കാനുള്ള അവകാശം, അന്തസ്സായും ആഗ്രഹപ്രകാരവും മരണാനന്തരം ശരീരം മറവുചെയ്യാനുള്ള അവകാശവും കൂടി ഉള്‍പ്പെടുന്നതാണെന്ന് പണ്ഡിറ്റ് പരമാനന്ദ കടാര വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രിംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.
സ്വന്തം കൈപ്പടയില്‍ എഴുതിയ ഒസ്യത്തിന് വിരുദ്ധമായി നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിയെ ദഹിപ്പിച്ച നടപടി മൃതദേഹത്തിനോടുള്ള കുറ്റമാണ്. നിരവധി നിയമപ്രശ്‌നങ്ങള്‍ അതിലുണ്ട്. മൃതദേഹം അന്ത്യാഭിലാഷത്തിനു വിരുദ്ധമായി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത കലക്ടര്‍ക്കെതിരേ റിട്ട്് ഹരജി നല്‍കേണ്ടതാണ്. മരിച്ചവരെക്കുറിച്ച് മോശമായി സംസാരിക്കരുതെന്ന് നിയമസംസ്‌കാരം പറയുന്നു. നമ്മുടെ പുരോഗമന വിപ്ലവകവികള്‍ വരെ ടി എന്‍ ജോയിയെ ഇകഴ്ത്തുന്നു. നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് പകരം വീട്ടിയ ഇടതു മനോഭാവം മൃദുഹിന്ദുത്വ മനോഭാവം തന്നെയാണ്. വില്‍പത്രമെഴുതാന്‍ സ്വത്തില്ലാത്ത നിസ്വനായത് നജ്മല്‍ ബാബുവിന്റെ ഭാഗ്യം. അല്ലെന്നാല്‍ ചേരമാന്‍ പള്ളിക്കത് അദ്ദേഹം സ്ഥാവരം ഇഷ്ടദാനമെഴുതിവയ്ക്കുകയും അതും തമാശിക്കലായി കണ്ട് കലക്ടര്‍ റദ്ദാക്കുകയും ചെയ്യുമായിരുന്നു.
മുസ്‌ലിം അധിനിവേശമെന്ന ചരിത്രപാഠം തന്നെ തുടക്കം മുതലേ വിവാദമാണ്. ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്നതിനെക്കുറിച്ചുള്ള കൊളോണിയല്‍ ചരിത്രപാഠങ്ങള്‍ അത് അധിനിവേശത്തിന്റെ ഭാവത്തിലാണെന്നു പ്രചരിപ്പിക്കുന്നു. മുസ്‌ലിംകളെ പ്രതിരോധത്തിന്റെ സ്ഥായീഭാവത്തിലാക്കാന്‍ വ്യവസ്ഥാപിതമായും ബോധപൂര്‍വമായും നിര്‍മിച്ചെടുത്തതാണത്. ചരിത്രപുസ്തകങ്ങളില്‍ പറയുന്നതിങ്ങനെയാണ്: ''ബഗ്ദാദിലെ അമവി ഗവര്‍ണര്‍ ഹജ്ജാജ് ബിന്‍ യൂസുഫ്, സിന്ധിലെ കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ മുസ്‌ലിം കച്ചവടക്കാരെ മോചിപ്പിക്കാന്‍ 17കാരനായ മുഹമ്മദ് ബിന്‍ കാസിമെന്ന പടത്തലവന്റെ നേതൃത്വത്തിലയച്ച ചെറുസൈന്യത്തിന്റെ ആക്രമണത്തിലൂടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിന്റെ കടന്നുവരവ്. രാജാ ദഹിറിനെ വധിച്ച അറബ് സൈന്യം സിന്ധ് കീഴടക്കി.''
ക്രിസ്തുവര്‍ഷം 712ലായിരുന്നു അത്. ഓര്‍ക്കുക, ഇസ്‌ലാമിക മൂല്യങ്ങളുടെ വസന്തം വിടര്‍ന്ന സ്‌പെയിനില്‍ ഇസ്‌ലാം കടന്നുചെന്ന അതേകാലം. ''ഇന്ത്യയില്‍ നടത്തിയ ആക്രമണങ്ങള്‍ ഇസ്‌ലാംമതം പ്രചരിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്നു പറയാനാവില്ല. മറ്റെല്ലാ ദിഗ്വിജയങ്ങളിലുമെന്നപോലെ മതാസക്തിയെന്നതിനേക്കാള്‍ ഭൗതികവും ലൗകികവുമായ ലക്ഷ്യങ്ങളാല്‍ പ്രേരിതരുമായിരുന്നു അവര്‍.'' (ഇന്ത്യ ഡിവൈഡഡ്, ഡോ. രാജേന്ദ്രപ്രസാദ്, പേജ് 39).
ഇസ്‌ലാമിക സന്ദേശത്തിന്റെ വരവറിയാന്‍, സത്യസന്ധമായ ചരിത്രവസ്തുതകള്‍ക്ക് അതിനും ഒരു നൂറ്റാണ്ടെങ്കിലും പിന്നിലേക്കു പോവേണ്ടതുണ്ട്. പ്രവാചകന്റെ കാലത്തു തന്നെ മാലിക് ബിന്‍ ദീനാറും സംഘവും ഇസ്‌ലാമിക സന്ദേശവുമായി ഇന്ത്യയുടെ തെക്കേയറ്റമായ മലബാറിലെത്തിയിരുന്നതായാണ് ചരിത്രമതം. അവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ സമത്വസന്ദേശത്തിലാകൃഷ്ടരായ, ജാതിവിവേചനത്തിന്റെ ഇരകളായിരുന്ന അധസ്ഥിത വിഭാഗങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമാശ്ലേഷിക്കാന്‍ തയ്യാറായതാണ് ഒരുപക്ഷേ, ഇന്ത്യയിലെ ഇസ്‌ലാം വ്യാപനത്തിന്റെ അടിസ്ഥാന കാരണം. ''ഇസ്‌ലാമിന്റെ സാഹോദര്യ കാഴ്ചപ്പാടും ആ മതത്തിന്റെ അനുയായികളുടെ സൈദ്ധാന്തിക സമത്വവീക്ഷണവും തുല്യമായ പെരുമാറ്റത്തില്‍ അല്‍പം പോലും ലഭ്യമല്ലാതിരുന്ന ഹിന്ദു സമൂഹത്തില്‍ ശക്തമായ സ്വാധീനം സൃഷ്ടിച്ചു.'' (ഇന്ത്യയെ കണ്ടെത്തല്‍, ജവഹര്‍ലാല്‍ നെഹ്‌റു, പേജ് 225).
അറബ് വ്യാപാരികളുടെയും പണ്ഡിതന്‍മാരുടെയും സൂഫിവര്യന്മാരുടെയും പ്രബോധനപ്രവര്‍ത്തനങ്ങളും ഇസ്‌ലാമികാശയങ്ങള്‍ക്ക് ജനസാമാന്യത്തിലുണ്ടാക്കാന്‍ കഴിഞ്ഞ സ്വാധീനവും അതിന് ആക്കം കൂട്ടി. പ്രവാചകനില്‍ നിന്നു നേരില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചേരമാന്‍ പെരുമാള്‍ രാജാവ് അധികാരം വിട്ടൊഴിഞ്ഞ് മക്കയിലേക്കു പോയെന്നാണു ചരിത്രം. താജുദ്ദീനെന്ന് പേരു മാറ്റി അദ്ദേഹം മുസ്‌ലിമായെന്നു പറയപ്പെടുന്നു. ക്രിസ്തുവര്‍ഷം 629ല്‍ കൊടുങ്ങല്ലൂരില്‍ അദ്ദേഹം പണിതതാണ് ഇന്ത്യയിലെ ആദ്യ മസ്ജിദ്. അതേ കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയിലെ മണ്ണ് കാത്തുകിടന്ന നജ്മല്‍ ബാബുവാണ് ഇടതു ലിബറലുകളാല്‍ ദഹിപ്പിക്കപ്പെട്ടത്. കടുത്ത അനാദരവായിരുന്നു അത്. മരിച്ചവരെ അപമാനിക്കല്‍ ഫാഷിസത്തിന്റെ പദ്ധതിയാണ്. കാനിബാളിസം, നെക്രോഫീലിയ എന്നൊക്കെയുള്ള മാതിരി. നജ്മല്‍ ബാബുവും സൈമണ്‍ മാസ്റ്ററും അശാന്തരും മരിച്ചശേഷവും ഫാഷിസത്താല്‍ അപമാനിക്കപ്പെട്ടവരുമാണ്. ി

RELATED STORIES

Share it
Top