കൊടുങ്കാറ്റ്: മൂവാറ്റുപുഴയില്‍ വ്യാപക നാശം

മൂവാറ്റുപുഴ: വേനല്‍ മഴയ്‌ക്കൊപ്പം വീശിയടിച്ച  കൊടുങ്കാറ്റില്‍ മൂവാറ്റുപുഴ മേഖലയില്‍ വ്യാപക നാശം. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയുടെ മുകളിലേയ്ക്ക് മരം വീണ് ഒരു ഭാഗം തകര്‍ന്നു. കച്ചേരിത്താഴത്ത് തണല്‍മരം നാഷണല്‍ പെര്‍മിറ്റ് ലോറിയിലേയ്ക്ക് മറിഞ്ഞ് വീണു.
നെഹ്‌റു പാര്‍ക്കില്‍ റോഡരികില്‍ നിന്ന മരം വീണ് വൈദ്യുത പോസ്റ്റ്  ഒടിഞ്ഞു. ലതാ പാര്‍ക്കിന് സമീപം റോഡരികിലേയ്ക്ക് മരം മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായിരിക്കുകയാണ്. കാവുംപടി റോഡില്‍ മരം വീണ് വൈദ്യുത ലൈനുകള്‍ പൊട്ടി.
ഇന്നലെ വൈകീട്ട്് അഞ്ചോടെയാണ് ശക്തമായ മഴയും കാറ്റും ആഞ്ഞ് വീശിയത്. ഹോളി മാഗി പള്ളിക്ക് മുകളിലേയ്ക്ക് മരം മറിഞ്ഞ് വീണതിനെ തുടര്‍ന്നു ഭീമമായ നാശമാണ്  സംഭവിച്ചിരിക്കുന്നത്. പള്ളിയുടെ സീലിംഗ്, വയറിംഗ്, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുര്‍ബാന നടക്കുന്നതിനിടെയാണ് മരം വീഴുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിലേയ്ക്കാണ് തണല്‍ മരം മറിഞ്ഞ് വീണത്. ലോറിയില്‍ മരം തടഞ്ഞ് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
സംഭവ സമയത്ത് റോഡരികില്‍ ബസ് കാത്തു നിന്നവരുള്‍പ്പെടെയുള്ളവര്‍ പരിഭ്രാന്തിയിലായി. മരം വീണതിനെ തുടര്‍ന്ന് സ്ഥലത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ട് മരം മുറിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
എല്‍ദോ ഏബ്രഹാം എംഎല്‍എയും സ്ഥലത്തെത്തി. ക്രയിനുപയോഗിച്ച്  മരം മുറിച്ച് മാറ്റുന്നതിന് പരിചയ സമ്പന്നരായ തൊഴിലാളികളെ ആവശ്യമായി വന്നതിനെ തുടര്‍ന്നു  എംഎല്‍എ ആരക്കുഴയില്‍ നിന്നും യൂനിയന്‍ തൊഴിലാളികളെ എത്തിച്ചതോടെയാണ് മരം മുറിച്ച് മാറ്റാനായത്. എംഎല്‍എയും പോലിസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നാട്ടുകാരും രാത്രി വൈകിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മൂവാറ്റുപുഴ-തേനി ഹൈവേയില്‍ കിഴക്കേക്കര, രണ്ടാര്‍ ഭാഗങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റില്‍ രണ്ടാര്‍, കിഴക്കേക്കര, മണിയംകുളം കവല മേഖലകളിലും കാറ്റ് നാശം വിതച്ചു. കിഴക്കേകരയില്‍ വീടിനു മുകളിലേയ്ക്ക് മരം വീണു.
പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വെള്ളൂര്‍കുന്നത്ത് കണ്ണാശുപത്രിക്ക് സമീപത്തും ജനശക്തി റോഡിലും മരം വീണതിനെ തുടര്‍ന്നു ഗതാഗതം തടസ്സപ്പെട്ടു.  ഇളങ്ങവം റേഷന്‍കടപടി മുതല്‍ വാരപ്പെട്ടി കവല വരെ റോഡില്‍ വിവിധയിടങ്ങളില്‍ മരം വീണു  ഗതാഗതം തടസ്സപ്പെട്ടു. രാത്രി വൈകിയും നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.

RELATED STORIES

Share it
Top