കൊടും ചൂടില്‍ മനുഷ്യക്കോലങ്ങളായി ഇതര സംസ്ഥാനത്തൊഴിലാളികള്‍

കുഴല്‍മന്ദം: ദേശീയ-സംസ്ഥാന പാതകളില്‍ വെയിലുകൊള്ളാന്‍ വിധിക്കപ്പെട്ടവരായിരിക്കുകയാണ് ഇതര സംസ്ഥാനത്തൊഴിലാളികള്‍. പാലക്കാട് -കുളപ്പുള്ളി സംസ്ഥാനപാതയിലും പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയിലുമുള്ള ഹോട്ടലുകള്‍ക്കുമുന്നിലാണ് ഇതര സംസ്ഥാനത്തൊഴിലാളികള്‍ കത്തുന്ന വെയിലില്‍ മനുഷ്യക്കോലങ്ങളായി തുടരുന്നത്.
വ്യാപാരം കുറഞ്ഞ സ്ഥാപനങ്ങളില്‍ ആളുകളെ വിളിച്ചുകയറ്റുന്നതിനായിട്ടാണ് സ്ഥാപനത്തൊഴിലാളികളെ രാപകലന്യേ വെയിലത്തുനിര്‍ത്തുന്നത്. രാവിലെ 9 മുതല്‍ രാത്രി വരെയും ഇവരുടെ ജോലി തുടരുകയാണ്. വിസില്‍ മുഴക്കിയും കയ്യിലുള്ള ബോര്‍ഡുകള്‍ കാണിച്ചും വാഹനയാത്രക്കാരെ വിളിച്ചുകയറ്റലാണ് ഇവരുടെ ജോലി. രാവിലെ മുതല്‍ ഇത്തരത്തില്‍ വെയിലത്തുനിന്നു ആളുകളെ കയറ്റുന്നതിന് ഹോട്ടലുടമകള്‍ നല്‍കുന്നതാകട്ടെ 300-350 രൂപയാണ്. ചിലയിടങ്ങളില്‍ ഇവര്‍ക്ക് പേരിനൊരു കുട നല്‍കിയിട്ടുണ്ടെങ്കിലും ചൂട് അസഹനീയമാവുന്നത് ഇവരെ ദുരതത്തിലാക്കുന്നുണ്ട്. തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നിരിക്കെ ഇത്തരം തൊഴിലാളികളെ ഉപയോഗിച്ചുള്ള ചൂഷണം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
സംസ്ഥാനത്ത് അനുദിനം താപനില ഉയരുന്ന സാഹചര്യത്തില്‍ 12 മുതല്‍ 3 വരെ തൊഴില്‍ സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികളുടെ തൊഴില്‍സമയത്തില്‍ യാതൊരു മാറ്റവുമില്ല. ഇത്തരത്തില്‍ ഹോട്ടലുകളിലേക്ക് ആളുകളെ കയറ്റുന്നതിനായി ഇതര സംസ്ഥാനക്കാരെ ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുകയാണ്. വെയിലത്തുനിന്ന് ആളുകളെ വിളിച്ചുകയറ്റിയാലും പലപ്പോഴും വ്യാപാരം കുറഞ്ഞാല്‍ ഉടമയുടെ വക ശകാരവും വേറെയാണ് ഇവര്‍ക്ക്.
ഇതുമൂലം അടികളെപ്പോലെയാണ് പലരും വെയിലത്തും തുച്ഛമായ ശമ്പളത്തിനു വേണ്ടി പണിയെടുക്കുന്നത്. അനുദിനം ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പലരും വെയില്‍ കൊള്ളാതിരിക്കാനും സൂര്യതാപമേല്‍ക്കാതിരിക്കാനും ശ്രദ്ധ ചെലുത്തുമ്പോള്‍ പാവം ഇതരസംസ്ഥാനക്കാരായ ഇവര്‍ക്ക് വെയില്‍ കൊള്ളാനാണു വിധി. പകലന്തിയോളം വെയിലത്തു നിന്നും കിട്ടുന്ന ചില്ലിക്കാശിനു വേണ്ടി പണിയെടുക്കുമ്പോള്‍ തങ്ങളുടെ ജീവന്റെ സുരക്ഷ പോലും ഇവര്‍ ചിന്തിക്കുന്നില്ല. ഫലമോ കത്തിയെരിയുന്ന വെയിലിലും കാണുന്നവരുടെ മനമലിയുന്ന മനുഷ്യക്കോലങ്ങളായി മാറുകയാണ് നമ്മുടെയൊക്കെ യാത്രയില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍.

RELATED STORIES

Share it
Top