കൊടകര കുംഭാരക്കോളനിയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം

കൊടകര: പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ശുദ്ധജലക്ഷാമത്തിന് പരിഹാരമുണ്ടായതിന്റെ ആഹ്ലാദത്തിലാണ് കൊടകര കുംഭാരക്കോളനിയിലെ നാല്‍പ്പത്തഞ്ചോളം കുടുംബങ്ങള്‍. കോളനിക്കാര്‍ക്കുള്ള പുതുവല്‍സരസമ്മാനമായാണ് കുടിവെള്ള പദ്ധതി ഞായറാഴ്ച വൈകീട്ട് നാടിന് സമര്‍പ്പിച്ചത്. പൊതുകിണറ്റില്‍ നിന്ന് കോരിയെടുക്കുന്ന വെള്ളം കുടങ്ങളില്‍ നിറച്ച് ചുമന്നുകൊണ്ടുവന്നാണ് കൊടകര കുംഭാര കോളനിയിലെ കുടുംബങ്ങള്‍ ഇത്രയുംകാലം ഉപയോഗിച്ചിരുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകള്‍ കോളനിയിലുണ്ടെങ്കിലും ഇതില്‍ നിന്ന് ലഭിക്കുന്ന വെള്ളം പലപ്പോഴും അടുക്കളയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോളനിയില്‍ നിന്ന് തെല്ലകലെയുള്ള പൊതുകിണറ്റില്‍ നിന്നാണ് ഇവര്‍ കുടിക്കാനും പാചകത്തിനും ഉള്ള വെള്ളം കൊണ്ടുവന്നിരുന്നത്. കിണറ്റില്‍ നിന്ന് വെള്ളം പമ്പുചെയ്ത് കോളനിയിലേക്ക് എത്തിക്കുന്ന ഒരു പദ്ധതി നടപ്പാക്കണമെന്ന് പതിറ്റാണ്ടുകളായി ഇവിടത്തെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.
നേരത്തെ ഇതിനായി പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നാലു കോണ്‍ക്രീറ്റ് തൂണുകളില്‍ പദ്ധതി ഒതുങ്ങിപ്പോയി. 2011ല്‍ നിലവില്‍ വന്ന പഞ്ചായത്ത് ഭരണസമിതിയില്‍ കോളനി ഉള്‍പ്പെടുന്ന വാര്‍ഡിനെ പ്രതിനിധീകരിച്ച കെ ആര്‍ സോമന്‍ മുന്‍കൈയെടുത്താണ് പുതിയ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടതിനാല്‍ രണ്ടുവര്‍ഷം മുമ്പേ പ്രവര്‍ത്തനം തുടങ്ങേണ്ട പദ്ധതി ഇപ്പോഴാണ്  തുടങ്ങിയത്.
കിണറിനു സമീപം ചെറിയ പമ്പുഹൗസും കിണറ്റിനുള്ളില്‍ അഞ്ച് എച്ച്പിയുടെ സബ്‌മേഴ്‌സിബിള്‍ മോട്ടോറും സ്ഥാപിച്ചാണ് പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നത്. അയ്യായിരം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി കോളനിക്കുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് കുംഭാരക്കോളനി കുടിവെള്ള പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയത്. പദ്ധതി വന്നതോടെ റോഡരികിലുള്ള പൊതുടാപ്പില്‍  വെള്ളത്തിനായി ഏറെനേരം കാത്തുനില്‍ക്കേണ്ട ഗതികേടില്‍ നിന്ന് തങ്ങള്‍ മോചിതരായെന്ന്  വീട്ടമ്മമാര്‍ പറയുന്നു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ ചേര്‍ന്ന് കോളനിയിലെ മുഴുവന്‍ വീടുകളിലേക്കും ഗാര്‍ഹിക കണക്ഷന്‍ നല്‍കാനുള്ള തീരുമാനത്തിലാണ്. കുടിവെള്ളത്തിനായുള്ള ദുരിതം പരിഹരിച്ചു തന്നതില്‍ കടപ്പാടുണ്ടെന്ന് കോളനിവാസിയായ വെങ്ങലശേരി രാജന്‍ പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പുതുവര്‍ഷത്തലേന്നായ ഞായറാഴ്ച ബി ഡി ദേവസി എംഎല്‍എ നിര്‍വഹിച്ചു.

RELATED STORIES

Share it
Top