കൊടകരയില്‍ രണ്ടിടങ്ങളിലായി അഞ്ച് സ്ഥാപനങ്ങളില്‍ കവര്‍ച്ച

കൊടകര: കൊടകരയില്‍ രണ്ടിടങ്ങളിലായി അഞ്ച് സ്ഥാപനങ്ങള്‍ കഴിഞ്ഞ രാത്രി മോഷ്ടാക്കള്‍ കുത്തിത്തുറന്നു. പേരാമ്പ്ര മാത്തള സിറ്റിയിലുള്ള നാലുവ്യാപാര സ്ഥാപനങ്ങളിലും കൊടകര അഴകത്തുള്ള ഭാരത് ഗ്യാസ് ഏജന്‍സി ഓഫിസിലുമാണ് മോഷണം നടന്നത്.
മാത്തള സിറ്റിയിലെ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട, പലചരക്ക് കട, സ്‌പെയര്‍പാര്‍ട്‌സ് കട, പിവിസി പൈപ്പുകള്‍ വില്‍ക്കുന്ന കട എന്നിവിടങ്ങളിലാണ് മോഷണം. കടകളുടെ പൂട്ടുകള്‍ പൊളിച്ചിട്ടുണ്ട്. പാലിയേക്കര ഡെന്നിയുടെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയില്‍ നിന്ന് 700 രൂപയും പാലിയേക്കര ജെന്നിയുടെ പലചരക്ക് കടയില്‍നിന്ന് 2,500 രൂപയും നഷ്ടപ്പെട്ടു.
പൊട്ടത്തുപറമ്പില്‍ രാജേഷിന്റെ സ്‌പെയര്‍പാര്‍ട്‌സ് കട കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അഴകത്തുള്ള ശ്രീമോന്‍ ഭാരത് ഗ്യാസ് ഏജന്‍സിയുടെ ഓഫിസ് കുത്തിത്തുറന്ന് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല. സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുള്ള മോഷ്ടാക്കളുടെ ചിത്രം പോലിസ് പരിശോധിച്ചുവരുന്നുണ്ട്. ബൈക്കില്‍ വന്ന രണ്ടുപേര്‍ ഗ്യാസ് ഏജന്‍സി ഓഫിസ് കുത്തിത്തുറക്കുന്നത് കാമറ ദൃശ്യങ്ങളിലുണ്ട്. അതിനിടെ കോടാലി മാങ്കുറ്റിപ്പാടം ശാന്തി നഗറിനു സമീപത്തെ കാട്ടുങ്ങല്‍ ശിവരാജന്റെ വീടിന്റെ മുന്‍വശത്തുള്ള ഭിത്തിയില്‍ കണ്ട അടയാളം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പേന കൊണ്ട് വരച്ചിട്ട നിലയിലുള്ള അടയാളമാണ് ശിവരാജന്റെ വീടിന്റെ ഭിത്തിയില്‍ കണ്ടത്. ഇത് കാണപ്പെടുന്നതിനു മുമ്പായി രണ്ടു നാടോടി സ്ത്രീകള്‍ ഈ വീട്ടില്‍ വന്നിരുന്നതായി പറയുന്നു. നാട്ടുകാര്‍ പോലിസില്‍ വിവരം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top