കൊച്ചുവേളി-മൈസൂര്‍ ട്രെയിന്‍ ഈ മാസം ഓടിത്തുടങ്ങും

കൊല്ലം: കൊച്ചുവേളിയില്‍ നിന്നും ബംഗളൂരു വഴി മൈസൂരുവിലേക്കുള്ള പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ ജനുവരി മധ്യത്തോടുകൂടി ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.കൊച്ചുവേളി-ബംഗളൂരു-മൈസൂരു ട്രെയിന്‍ ഇനിയും ഓടിത്തുടങ്ങാത്തതിനെ സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങള്‍ കണക്കിലെടുത്ത്  റെയില്‍വേ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ജനുവരി പകുതിയോടുകൂടി നിര്‍ദിഷ്ട ട്രെയിന്‍ ഓടിക്കാന്‍ ധാരണയായതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. റെയില്‍ ബോര്‍ഡിന്റെ അഡൈ്വസര്‍ രാജീവ് സക്‌സേന, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോച്ച്‌സ്) മന്ദീപ് സിങ് ബാട്ടിയ എന്നിവരുമായിട്ടാണ് എംപി ചര്‍ച്ച നടത്തിയത്. കേരളത്തില്‍ നിന്നുമുള്ള ബംഗളൂരു യാത്രക്കാരുടെ ആവശ്യം മുന്‍നിര്‍ത്തി ഈ പ്രതിവാര ട്രെയിന്‍ എല്ലാദിവസവും ഓടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് എംപി അറിയിച്ചു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം പുറപ്പെട്ട് ശനിയാഴ്ച കൊച്ചുവേളിയിലെത്തുകയും ഞായറാഴ്ച വൈകുന്നേരം അവിടെ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഒമ്പതിന് ബംഗളൂരുവിലെത്തി അവിടെ നിന്നും  മൈസൂരുവിലേക്കു പോവാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നതെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ട്രെയിന്‍ ഓടിക്കുന്നതിനുള്ള കോച്ചുകള്‍ എത്രയും വേഗം അനുവദിച്ചുകിട്ടാന്‍ റെയില്‍വേ ബോര്‍ഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സോണല്‍ റെയില്‍വേ മാനേജര്‍ നിര്‍ദേശം നല്‍കിയതായി എംപി പറഞ്ഞു.

RELATED STORIES

Share it
Top