കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ നിര്‍മാണ പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്തു

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട്‌സിറ്റിയിലെ കോ-ഡെവലപര്‍ പദ്ധതികളുടെ നിര്‍മാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അവലോകനം ചെയ്തു.
പദ്ധതിപ്രദേശത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന ദ്രുതഗതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും മാസംതോറുമുള്ള പുരോഗതി വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ 2020 ഓടെ 61 ലക്ഷം ചതുരശ്രയടി ബില്‍റ്റ് അപ്പ് ഏരിയ എന്ന ലക്ഷ്യം ഘട്ടംഘട്ടമായി സ്മാര്‍ട്ട്‌സിറ്റിക്ക് കൈവരിക്കാനാവുമെന്ന് സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ പറഞ്ഞു.
37 ലക്ഷം ചതുരശ്രയടി ബില്‍റ്റ് അപ്പ് ഏരിയ ലക്ഷ്യമിടുന്ന സാന്‍ഡ്‌സ് ഇന്‍ഫ്രയുടെ ഐടി മന്ദിരത്തിന്റെ നിര്‍മാണം 43 ശതമാനവും നാലുലക്ഷം ചതുരശ്ര അടിയുടെ മറാട്ട് ഗ്രൂപ്പിന്റെ ഐടി മന്ദിരം 20 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.
പ്രസ്റ്റീജ് ഗ്രൂപ്പിന്റെ രണ്ട് ഐടി ടവറുകളില്‍ ഒന്നായ 5.39 ലക്ഷം ചതുരശ്ര അടി ബില്‍റ്റ് അപ്പ് ഏരിയയുള്ള സൈബര്‍ ഗ്രീന്‍-1ന്റെ പൈലിങ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. 6.21 ലക്ഷം ചതുരശ്ര അടി ബില്‍റ്റ് അപ്പ് ഏരിയയുള്ള രണ്ടാം ടവറിന്റെ നിര്‍മാണം നാലുമാസത്തിനകം ആരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
2016ല്‍ പ്രവര്‍ത്തനസജ്ജമായ 6.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യ മന്ദിരത്തില്‍ 30 കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റിയിലേക്കുള്ള ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും  അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top