കൊച്ചി സബ് രജിസ്റ്റര്‍ ഓഫിസില്‍ ബാധ്യത സര്‍ട്ടിഫിക്കറ്റിന് കാലതാമസം നേരിടുന്നതായി പരാതി

മട്ടാഞ്ചേരി: കൊച്ചി സബ് രജിസ്റ്റര്‍ ഓഫിസില്‍ വസ്തു സംബന്ധമായ ബാധ്യത സര്‍ട്ടിഫിക്കറ്റിന് കാല താമസം നേരിടുന്നതായി പരാതി. നേരത്തേ അപേക്ഷ നല്‍കി അഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ രണ്ടാഴ്ച പിന്നിടുമ്പോഴാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതെന്നാണ് ആക്ഷേപം. ഒന്നു മുതല്‍ 25 വര്‍ഷം വരെയുള്ള ബാധ്യത സര്‍ട്ടിഫിക്കറ്റിന് 260 രൂപയാണ് ഫീസ്. ഇതിന് പുറമേ 250 രൂപ അധികമായി അടച്ചാല്‍ പെട്ടെന്ന് ലഭ്യമാക്കണമെന്നാണ്  നിയമം. എന്നാല്‍ ഇങ്ങനെ അധിക ഫീസ് അടച്ചാലും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. അപേക്ഷ സ്വീകരിച്ച് അടുത്ത ദിവസം വൈകീട്ട് മൂന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലത്രേ. എന്നാല്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൃത്യമായി ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വിവരാവകാശ പ്രവര്‍ത്തകനായ കെ കെ നാസര്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി സബ് രജിസ്റ്റര്‍ ഓഫിസില്‍ കഴിഞ്ഞ മാസം മൂന്നാം തിയതി ബാധ്യത സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിട്ട് ഇത് വരെ ലഭിച്ചിട്ടില്ലന്ന് നാസര്‍ പരാതിയില്‍ പറയുന്നു. അധിക തുക അടച്ചിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലത്രേ. 750 മുതല്‍ 1500 രൂപ വരെ ജീവനക്കാര്‍ക്ക് നല്‍കിയാലേ ബാധ്യത സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ അനുവദിച്ച് തരികയുള്ളൂവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ ഓഫിസിലെ നാല് ജീവനക്കാരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ ഒരാള്‍ വനിതയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മട്ടാഞ്ചേരി സബ് രജിസ്റ്റര്‍ ഓഫിസിനെ സംബന്ധിച്ച് നേരത്തേയും പരാതി ഉയര്‍ന്നിട്ടുണ്ട്. പണമുണ്ടെങ്കില്‍ കാര്യം നടക്കുമെന്ന അവസ്ഥയാണ് ഈ ഓഫിസിലെന്നും പരാതിയുണ്ട്.

RELATED STORIES

Share it
Top