വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നാളെ കേരളത്തില്‍

modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തില്‍ എത്തും. ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിവാദം കത്തിനില്‍ക്കുമ്പോഴാണ് മോഡിയുടെ സന്ദര്‍ശനം. നാളെ നാലുമണിയോടെ വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നാവികസേനയുടെ ഐ.എന്‍.എസ് ഗരുഡ് വ്യോമതാവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗവര്‍ണര്‍ പി. സദാശിവവും ചേര്‍ന്ന് സ്വീകരിക്കും. സംസ്ഥാന മന്ത്രിമാര്‍, കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍, സേനാ മേധാവികള്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തും.

കൊച്ചിയിലെ അഞ്ച് മിനിറ്റ് നീളുന്ന സ്വീകരണ ചടങ്ങിന് ശേഷം പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും.തൃശൂരില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി പോകുക തൃശൂരിലെ പരിപാടിക്ക് ശേഷം റോഡ് മാര്‍ഗം വീണ്ടും കൊച്ചിയിലേക്ക് തിരിക്കും.  തൃശ്ശൂരില്‍ കനത്ത സുരക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. രാത്രി ഏഴേകാലോടെ അദ്ദേഹം വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് മലബാറില്‍ എത്തും.മോഡിയുടെ സുരക്ഷയ്ക്കായി 2,000 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 8.50ന് ഹോട്ടലില്‍ നിന്ന് നാവികതാവളത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഒന്‍പതിന് മൂന്ന് സേനകളും സംയുക്തമായി നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.തുടര്‍ന്ന് ഐ.എന്‍.എസ് വിമ്രാദിത്യ വിമാനവാഹിനിയിലേക്ക് പുറപ്പെടും. 9.40 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.15വരെ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ മൂന്നു സേനകളുടെയും കമാന്‍ഡര്‍മാരുടെയും സംയുക്ത യോഗത്തില്‍ പങ്കെടുക്കും. 1.45ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് പോകുന്ന പ്രധാനമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ശിവഗിരി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം വ്യോമസേന താവളത്തില്‍ നിന്നു വൈകിട്ട് 5.15ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

RELATED STORIES

Share it
Top