കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അനുമതി

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. പുതുക്കിയ പദ്ധതി റിപോര്‍ട്ടിനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നു കെഎംആര്‍എല്‍ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നും കാക്കനാട് വഴി ഇന്‍ഫോ പാര്‍ക്ക് വരെയെത്തുന്നതാണ് രണ്ടാം ഘട്ടം. നേരത്തെ സമര്‍പ്പിച്ച പദ്ധതി റിപോര്‍ട്ട് കേന്ദ്രം തിരിച്ചയച്ചിരുന്നു.
ബദല്‍ പൊതു ഗതാഗത മാര്‍ഗങ്ങള്‍ സാധ്യമാണോ എന്നു ചോദ്യമുന്നയിച്ചാണു പദ്ധതി റിപോര്‍ട്ട് തിരിച്ചയച്ചത്. പിന്നീട് പുതുക്കിയ പദ്ധതി റിപോര്‍ട്ട് അയക്കുന്നതില്‍ കാലതാമസം നേരിട്ടത് വിമര്‍ശനങ്ങള്‍ക്കും കാരണമായി.
11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി—ക്കാണ് ഇപ്പോള്‍ അനുമതിയായിരിക്കുന്നത്. 23.10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലാരിവട്ടം ജങ്ഷന്‍, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജങ്ഷന്‍, കൊച്ചി സെസ്, ചിറ്റേറ്റുകര, കിന്‍ഫ്ര, ഇന്‍ഫോ പാര്‍ക്ക് എന്നിങ്ങനെ 11 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 6.97 ഏക്കര്‍ ഭൂമി വേണ്ടിവരുന്ന പദ്ധതിയില്‍ ഇതിനായി 93.5 കോടി രൂപ വേണ്ടി വരുമെന്നാണു വിലയിരുത്തപ്പെടുന്നത്.

RELATED STORIES

Share it
Top