കൊച്ചി മെട്രോ യാത്രക്കാരെ കയറ്റി ട്രയല്‍ സര്‍വീസ് ഉടനെ തുടങ്ങുമെന്ന് സൂചനകൊച്ചി: കൊച്ചി മെട്രോ ട്രയല്‍ സര്‍വീസിന്റെ ഭാഗമായി ആളുകളെ കയറ്റിയുള്ള സര്‍വീസ് ഉടന്‍ തുടങ്ങുമെന്നു സൂചന. കേന്ദ്ര മെട്രോ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി ലഭിച്ച ശേഷം ആളുകളെ കയറ്റാതെ ആരംഭിച്ച ട്രയല്‍ സര്‍വീസ് ഇന്നലെയും തുടര്‍ന്നു. ആളുകളെ കയറ്റിയുള്ള പരിശീലന ഓട്ടത്തില്‍ മെട്രോ ജീവനക്കാരെ തന്നെയായിരിക്കും ഉപയോഗപ്പെടുത്തുകയെന്നാണ് വിവരം. ആദ്യ ദിവസത്തിന്റേതിനു സമാനമായ ഷെഡ്യൂളിലാണ് ഇന്നലെയും സര്‍വീസുകള്‍ നടത്തിയത്. രാവിലെ 6.30 മുതല്‍ രാത്രി 9.30 വരെ ട്രയല്‍ സര്‍വീസ് തുടര്‍ന്നു. നാലു ട്രെയിനുകളാണ് സര്‍വീസുകള്‍ തുടരുന്നത്. ഇവ എല്ലാ തരത്തിലും സജ്ജമായ ശേഷമായിരിക്കും മറ്റ് രണ്ടു ട്രെയിനുകള്‍ ഉള്‍പ്പെടുത്തുക. പൂര്‍ണസുരക്ഷിതമായി സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ജീവനക്കാരെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപകടഘട്ടത്തില്‍എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വ്യക്തമാവുന്നതിനായി വരുംദിവസങ്ങളില്‍ മോക്ഡ്രില്‍ നടക്കും. തീപ്പിടിത്തമുണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ ചെറുക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ പരിശീലിപ്പിക്കും. സ്‌റ്റേഷനുകളിലെ ആശയവിനിമയ സംവിധാനങ്ങളും സിഗ്‌നലിങുമാണ് ഇന്നലെയും പരിശോധിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിലെ 11 സ്‌റ്റേഷനുകളിലേക്ക് 142 തവണ ഓടിയെത്തി. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇന്നലെയും പരീക്ഷണ ഓട്ടം നടത്തിയത്. പ്രധാനമന്ത്രിയുടെ സൗകര്യം ലഭിക്കുന്നതിനനുസരിച്ച് മെട്രോയുടെ ഉദ്ഘാടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്ലും ഡിഎംആര്‍സിയും.

RELATED STORIES

Share it
Top