കൊച്ചി മെട്രോ : ട്രയല്‍ സര്‍വീസ് പുരോഗമിക്കുന്നുകൊച്ചി: കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വീസുകള്‍ പുരോഗമിക്കുന്നു. ഇന്നലെ അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു ട്രയല്‍ സര്‍വീസ്. കഴിഞ്ഞ ബുധനാഴ്ച്ച തുടങ്ങിയ ട്രയല്‍ സര്‍വീസിന് തിങ്കളാഴ്ച്ച വരെ നാലു ട്രെയിനുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്നലെ മുതലാണ് ട്രെയിന്റെ എണ്ണം വര്‍ധിപ്പിച്ചത്്. രാവിലെ ആറിന് തുടങ്ങിയ ട്രയല്‍ സര്‍വീസ് രാത്രി പത്തുവരെ നീണ്ടു. പത്തു മിനുറ്റ് ഇടവേളയിലായിരുന്നു ഓരോ സര്‍വീസുകളും. ആകെ 188 ട്രിപ്പുകളാണ് അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ച് ഇന്നലെ നടത്തിയത്. അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയല്‍ സര്‍വീസ് ഇന്നും തുടരും. നാലു ട്രെയിനുകള്‍ ഉപയോഗിച്ച്  ദിവസേന 142 ട്രിപ്പുകളാണ് കഴിഞ്ഞ ആറു ദിവസങ്ങളില്‍ നടത്തിയത്. ആദ്യഘട്ടം പൂര്‍ത്തിയായ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കി.മീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. ആലുവക്കും പാലാരിവട്ടത്തിനും ഇടയിലുള്ള പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തിയാണ് ട്രയല്‍ സര്‍വീസ് നടത്തുന്നത്.  സിഗ്‌നലിങ്, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ്, ട്രെയിനിനകത്തും സ്റ്റേഷനിലുമുള്ള ഡിസ്‌പ്ലേ സംവിധാനങ്ങള്‍, കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (സിബിടിസി) തുടങ്ങിയവയെല്ലാം ട്രയല്‍ സര്‍വീസിനൊപ്പം പരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമേ കഴിഞ്ഞ ദിവസം കളമശ്ശേരി സ്റ്റേഷനില്‍ മോക്ക് ഫയര്‍ ഡ്രില്ലും തിങ്കളാഴ്ച്ച പാലാരിവട്ടം സ്റ്റേഷന്‍ പരിധിയില്‍ ട്രാക്കില്‍ എന്തെങ്കിലും തടസ്സം വന്നാല്‍ എങ്ങനെ സര്‍വീസ് പുനക്രമീകരിക്കാമെന്നതിന്റെയും പരിശോധനകള്‍ നടന്നു. അതേസമയം, മെട്രോയുടെ ആദ്യഘട്ട സര്‍വീസിന് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ അനുമതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ട് ഒരാഴ്ച്ചയിലേറെ കഴിഞ്ഞെങ്കിലും ഉദ്ഘാടന തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് സൗകര്യമുള്ള ദിവസം ലഭിക്കാത്തതാണ് ഉദ്ഘാടന തിയ്യതി അനിശ്ചിതമായി നീളാന്‍ കാരണമെന്നാണ് അറിയുന്നത്. ഈ മാസം അവസാനമോ ജൂണ്‍ ആദ്യവാരമോ ഉദ്ഘാടനം ഉണ്ടാവുമെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ നല്‍കുന്ന സൂചന.

RELATED STORIES

Share it
Top