കൊച്ചി മെട്രോ : ആദ്യദിനം ആഘോഷമാക്കി യാത്രക്കാര്‍കൊച്ചി/ആലുവ: കൊച്ചി മെട്രോ പൊതുജനത്തിന് യാത്രയ്ക്കായി തുറന്നുകൊടുത്ത ഇന്നലെ രാത്രി ഏഴു വരെയുള്ള കണക്കനുസരിച്ച് മെട്രോയില്‍ യാത്രചെയ്തത് 62,320 പേര്‍. രാത്രി 10 വരെയാണ് സര്‍വീസ്. ഇതിനാല്‍ ആദ്യദിവസത്തെ അന്തിമ കണക്ക് വരുമ്പോള്‍ എണ്ണം ഇതിലും വര്‍ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏഴുമണിവരെയുള്ള ടിക്കറ്റ് വരുമാനം 20,42,740 രൂപയാണ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ മെട്രോയുടെ പാലാരിവട്ടം മുതല്‍ ആലുവ വരെ മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് ആളുകള്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് രാവിലെ അഞ്ചു മുതല്‍ മെട്രോ യാത്രയ്ക്കായി സ്റ്റേഷനുകളിലേക്ക് എത്തിയത്. രാവിലെ ആറുമണിക്ക് തന്നെ ആദ്യ സര്‍വീസുകള്‍ ആലുവയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും ആരംഭിച്ചു. 10 മിനിറ്റിന്റെ ഇടവേളകളില്‍ സര്‍വീസ് ഉണ്ടായിരുന്നു. ആദ്യയാത്രയായതിനാല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് പലരും മെട്രോയ്ക്കുള്ളില്‍ എത്തിയത്. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ആശങ്ക ആവേശത്തിനു വഴിമാറി. മൊബൈലില്‍ സെല്‍ഫിയെടുത്തും പുറംകാഴ്ചകള്‍ പകര്‍ത്തിയും പലരും കന്നിയാത്ര അവിസ്മരണീയമാക്കി. രണ്ടുമണിക്കൂര്‍ പിന്നിട്ടതിനുശേഷം മറ്റു സ്റ്റേഷനുകളില്‍ തിരക്ക് കുറഞ്ഞെങ്കിലും ആലുവയിലും പാലാരിവട്ടത്തും ആളുകളുടെ എണ്ണം ഏറിവന്നു. യാത്രക്കാരില്‍ പലരും 10 രൂപ ടിക്കറ്റുകാരായിരുന്നു. തൊട്ടടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി മറ്റൊരു ടിക്കറ്റെടുത്ത് പലരും മടക്കയാത്രയും മെട്രോയില്‍ തന്നെയാക്കി. ഓരോ സ്റ്റേഷനിലും 30 സെക്കന്റ് മാത്രമാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നത്. പ്ലാറ്റ് ഫോമിലെത്തിയ ചിലര്‍ മഞ്ഞവര മറികടന്നത് സുരക്ഷാജീവനക്കാര്‍ക്ക് തലവേദനയായി. തുടര്‍ന്ന് ആളുകളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിന് ചിലരെ പ്രത്യേകം നിയമിക്കുകയും ചെയ്തു. രണ്ടും മൂന്നും തവണയാണ് ചിലര്‍ യാത്ര നടത്തിയത്.  മലപ്പുറം, കണ്ണൂര്‍ തുടങ്ങിയിടങ്ങളില്‍ നിന്നുപോലും മെട്രോയില്‍ കയറാന്‍ നിരവധി ആളുകളാണ് എത്തിയത്. ഒരുദിവസം 219 സര്‍വീസുകളാണ് മൊത്തത്തി ല്‍ നടത്തുക. യാത്രക്കാരുടെ എണ്ണം കൂടിയാല്‍ അതനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും. ഒമ്പതു മിനിറ്റ് ഇടവിട്ടാണ് ആദ്യ മണിക്കൂറുകളില്‍ ഓരോ സര്‍വീസും നടന്നത്. നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top