കൊച്ചി മെട്രോയില്‍ യാത്രചെയ്യാന്‍ പ്രധാനമന്ത്രിയുംകൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രചെയ്യും. മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിനു മുമ്പായിട്ടാണു യാത്ര. ഈ മാസം 17ന് രാവിലെ 11ന് കലൂര്‍ സ്റ്റേഡിയത്തിനു സമീപം തയ്യാറാക്കുന്ന പ്രത്യേക വേദിയിലാണ് മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുക.ഇതിനു തൊട്ടുമുമ്പായിരിക്കും പ്രധാനമന്ത്രിയുടെ മെട്രോ യാത്ര. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയായിരിക്കും യാത്രചെയ്യുക. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവരും ഒപ്പമുണ്ടാവും. രാവിലെ 10.35നു യാത്ര ആരംഭിക്കും. സംസ്ഥാന മന്ത്രിമാരും യാത്രയില്‍ പങ്കുചേരുമെന്നു സൂചനകളുണ്ട്. സുരക്ഷാ കാരണങ്ങള്‍കൊണ്ട് പ്രധാനമന്ത്രിയുടെ മെട്രോ യാത്ര വേണ്ടെന്നുവച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മെട്രോയിലെ യാത്രയ്ക്കു ശേഷം പാലാരിവട്ടം സ്റ്റേഷനില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രിയെ കലൂര്‍ സ്‌റ്റേഡിയത്തിലെ പ്രത്യേക വേദിയിലേക്ക് ആനയിക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരിക്കും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം. സോളാര്‍ പാനല്‍ ഉദ്ഘാടനം വിവാദമായ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് കൊച്ചി മെട്രോ റെയില്‍ (കെഎംആര്‍എല്‍) ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. മെട്രോയുടെ ഉദ്ഘാടനം വേദിയില്‍വച്ചുതന്നെയായിരിക്കും നിര്‍വഹിക്കുക. ഇതിനായി വേദിയില്‍ പ്രത്യേകം സ്വിച്ച് സജ്ജീകരിക്കും. 3000 പേരെയാണ് ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത്.അതീവ സുരക്ഷയിലാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനവേദി തയ്യാറാക്കുന്നത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു വേദിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ആലുവ മുതല്‍ പേട്ടവരെയാണു കൊച്ചി മെട്രോ വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ഇപ്പോള്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ഉദ്ഘാടനം ചെയ്യുന്നത്.

RELATED STORIES

Share it
Top