കൊച്ചി മെട്രോക്ക് സ്ഥലമെടുത്ത മാനദണ്ഡം ഉപയോഗിച്ച് നഷ്ടപരിഹാരം നല്‍കണം: മുസ്്‌ലിം ലീഗ്

തേഞ്ഞിപ്പലം: നാഷണല്‍ ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭുവുടമകളുടെയും, ഇതുവഴി നഷ്ടം സംഭവിക്കുന്നവരുടെയും ആശങ്ക പരിഹരിക്കുന്നതിന് ഉടനെ നടപടി സ്വീകരിക്കണമെന്നും, കൊച്ചി മെട്രോക്ക് സ്ഥലമെടുത്ത മാനദണ്ഡം ഉപയോഗിച്ച് ഭൂവുടമകള്‍ക്കും, കച്ചവടക്കാര്‍ക്കും, മറ്റു നഷ്ടം സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും, ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കപ്പെടണമെന്നും വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്്‌ലിംലീഗ് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ഓരോ പ്രദേശത്തും കുടുംബ,അയല്‍പക്ക  സുഹൃദ് ബന്ധങ്ങള്‍ നില നിര്‍ത്തി പോരുന്നവര്‍ ഒരു ഘട്ടത്തില്‍ ഇത് ഉപേക്ഷിക്കപ്പെടുകയെന്നത് ഓരോരുത്തരെ സംബന്ധിച്ചും മാനസികമായ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാണ്.
ഇതിന്റെ മൂല്ല്യം കണക്കാക്കാന്‍ പറ്റാത്തതാണ്. നഷ്ടം കണക്കാക്കുമ്പോള്‍ ഇത് കൂടി പരിഗണിക്കേണ്ടതാണ്.കൊച്ചി മെട്രോക്ക് സ്ഥലമെടുത്ത മാനദണ്ഡം ഉപയോഗപ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്നു യോഗം ആവശ്യപ്പെട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വീടുകള്‍ നഷ്ടപ്പെടുന്നവരോട് ലൈഫ്മിഷനില്‍ അപേക്ഷ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതു നിര്‍ഭാഗ്യകരമാണെന്നും,നഷ്ടം സംഭവിക്കുന്നവരെ പരസ്യമായി അപമാനിക്കുന്നതിനു തുല്ല്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗം പി അബ്ദുല്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡോ. വി പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ സി. അബ്ദുല്‍ റഹിമാന്‍, ബക്കര്‍ ചെര്‍ന്നൂര്‍, സലീം ഐദീദ് തങ്ങള്‍, യു മമ്മദ് കുട്ടി ഹാജി,പി എം ഷാഹുല്‍ ഹമീദ്, കെ പി അമീര്‍, കെ കലാം സംസാരിച്ചു.

RELATED STORIES

Share it
Top