കൊച്ചി മെട്രോക്ക് പച്ചക്കൊടി ; ജൂണ്‍ ആദ്യം ഉദ്ഘാടനത്തിന് സാധ്യതകൊച്ചി: ഗതാഗത രംഗത്ത് പുതിയ മാറ്റം സൃഷ്ടിക്കുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോക്ക് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ പച്ചക്കൊടി. സംസ്ഥാന സര്‍ക്കാര്‍ തിയ്യതി തീരുമാനിച്ചാല്‍ വൈഡൂര്യ പച്ച നിറത്തില്‍ കൊച്ചിയുടെ ആകാശ പാതയില്‍ മെട്രോ കുതിച്ചുപായും. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് കൊച്ചി മെട്രോ ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. രാജ്യത്തെ മികച്ച മെട്രോയാണ് കൊച്ചി മെട്രോയെന്ന് വിലയിരുത്തി സേഫ്റ്റി കമ്മീഷണര്‍ ഇന്നലെ വൈകീട്ടോടെയാണ് അനുമതിപത്രം കെഎംആര്‍എല്‍ അധികൃതര്‍ക്ക് കൈമാറിയത്.  ഇനി ഉദ്ഘാടനത്തിനുള്ള തിയ്യതി കുറിക്കുകയേ വേണ്ടൂ. പ്രധാനമന്ത്രിയെയാണ് ഉദ്ഘാടനത്തിനു ശ്രമിക്കുന്നത്. ഇതിനായി അദ്ദേഹത്തിന്റെ സമയം സര്‍ക്കാര്‍ തേടിയിട്ടുണ്ടെന്നാണ് വിവരം. ജൂണ്‍ ആദ്യവാരം  ഉദ്ഘാടനം നടത്താനാണ് നീക്കം. സുരക്ഷാകാര്യങ്ങളില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ച സേഫ്റ്റി കമ്മീഷണര്‍ മെട്രോ സ്റ്റേഷനുകളിലെ സൗകര്യങ്ങളും ഭംഗിയും ആശ്ചര്യപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്താദ്യമായി മെട്രോയില്‍ പരീക്ഷിക്കുന്ന കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് സിഗ്‌നലിങ് സംവിധാനത്തിലാണ് ചില പോരായ്മകള്‍ കണ്ടെത്തിയത്. ഒപ്പം സ്റ്റേഷനുകളിലെ അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിലും അപാകത കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യഘട്ട സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണ് സംഘം നേരത്തേ പരിശോധന നടത്തിയത്. കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റി  കെ എ മനോഹരന്റെ നേതൃത്വത്തില്‍ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍നിന്നുള്ള സംഘമാണ് പരിശോധനയക്ക് നേതൃത്വം വഹിച്ചത്.

RELATED STORIES

Share it
Top