കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

കൊച്ചി: കൊച്ചി കപ്പല്‍ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.  വൈപ്പിന്‍ സ്വദേശി റംഷാദ്, കോട്ടയം സ്വദേശി ഗവിന്‍, കൊച്ചി സ്വദേശി ഉണ്ണികൃഷ്ണന്‍, എരൂര്‍ സ്വദേശി കണ്ണന്‍, ആലപ്പുഴ തുറവൂര്‍ സ്വദേശി ജെയിന്‍ എന്നിവരാണു മരിച്ചത്. അഭിലാഷ്, സച്ചു, ജയ്‌സണ്‍, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവര്‍ക്കു പരുക്കേറ്റു.ഇവരെ സമീപത്തു തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍  90 ശതമാനം പൊള്ളലേറ്റ ശ്രീരൂപ് എന്നയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പുക പടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപണിക്കായി എത്തിച്ച ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ കപ്പലിന്റെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറിയുണ്ടായത്. വെല്‍ഡിംഗ് അടക്കമുള്ള ജോലികള്‍ നടക്കുന്നതിനടയിലാണ് സംഭവം. കപ്പല്‍ ശാലയിലെ തന്നെ അഗ്‌നിശമന സേന വിഭാഗവും പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. കപ്പല്‍ശാല സിഎംഡിയുമായി ഗഡ്കരി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തിനും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സയ്ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top