കപ്പല്‍ശാലയിലെ പൊട്ടിത്തെറി:വാതക ചോര്‍ച്ചമൂലമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ കപ്പലിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം വാതക ചോര്‍ച്ചയാണെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷമാണ് ഇന്നും ജീവനക്കാര്‍ ജോലി തുടങ്ങിയത്. എന്നാല്‍, അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി മധു നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും കപ്പല്‍ശാല വഹിക്കുമെന്നും എംഡി അറിയിച്ചു.കപ്പലിന്റെ 'സ്ഥിരത' നിലനിര്‍ത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളില്‍ വെള്ളം നിറക്കാറുണ്ട്. അതില്‍ മുന്നിലെടാങ്കിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ടാങ്കില്‍ വാതകം ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് എല്ലാ ദിവസവും ജോലി തുടങ്ങാറ്. ഇന്നും പരിശോധനനടത്തി വാതകം ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ടാങ്കിലെ ലോഹഭാഗങ്ങള്‍ മുറിക്കാന്‍ അസറ്റലൈന്‍, ഓക്‌സിജന്‍ വാതകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത് ടാങ്കിന്റെ ഒരുഭാഗത്ത് അടിഞ്ഞുകൂടിയതാവാം പെട്ടന്നുള്ള പൊട്ടിത്തെറിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top