കൊച്ചിയുടെ ശബ്ദങ്ങള്‍ കോര്‍ത്തിണക്കി സിങിങ് പാറ്റേണ്‍സുമായി ലീസ

കൊച്ചി: കൊച്ചിയുടെ വിവിധ ശബ്ദങ്ങള്‍ കോര്‍ത്തിണക്കി ജര്‍മന്‍ കലാകാരി ലീസ പ്രെംക ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ ഹൗസി ല്‍ സിങിങ് പാറ്റേണ്‍സ് എന്ന പേരില്‍ നൂതന പ്രതിഷ്ഠാപനം ഒരുക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ഒരു മാസം നീണ്ടുനിന്ന റസിഡ ന്‍സി പരിപാടിയിലാണ് അവര്‍ സങ്കീര്‍ണമായ ഈ ശബ്ദ പ്രതിഷ്ഠാപനം തീര്‍ത്തത്. ഇന്നും നാളെയുമായി ഇത് പെപ്പര്‍ ഹൗസില്‍ പ്രദര്‍ശിപ്പിക്കും.
കൊച്ചിയുടെ നഷ്ടപ്പെട്ടുപോയ ശബ്ദങ്ങള്‍ തേടിയാണ് കഴിഞ്ഞ ഒരു മാസമായി ലീസ തന്റെ സൈക്കിളില്‍ നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞത്. നഷ്ടപ്പെട്ടു പോയ സമൂഹം, സാംസ്‌കാരിക പൈതൃകം, എന്നിവയ്‌ക്കൊപ്പം നിരന്തര മാറ്റങ്ങളിലൂടെ എങ്ങിനെയാണ് ഈ നഗരം കടന്നുപോയതെന്ന് ശബ്ദങ്ങളിലൂടെ അന്വേഷിക്കുകയാണ് കലാകാരി ചെയ്തത്.
സാധാരണഗതിയില്‍ വിദൂരമായ ആളൊഴിഞ്ഞ സ്ഥലങ്ങളാണ് താന്‍ കലാസൃഷ്ടികള്‍ക്കായി തിരഞ്ഞെടുക്കാറുള്ളൂവെന്ന് ലീസ പറയുന്നു. എന്നാ ല്‍ വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ വ്യത്യസ്തത തന്നെ ഏറെ ആകര്‍ഷിച്ചു. എല്ലാ കാഴ്ചയിലും തനിക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നവര്‍ പറഞ്ഞു. പ്ലാസ്റ്റിക്, സ്റ്റീല്‍, അലുമിനിയം എന്നിവകൊണ്ടാണ് ഈ പ്രതിഷ്ഠാപനം നിര്‍മിച്ചത്.
പെപ്പര്‍ ഹൗസ് സ്റ്റുഡിയോ ആണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്ന് ലീസ പറഞ്ഞു. എപ്പോഴും അവിടെ സന്ദര്‍ശകരുണ്ടാവും. ഒരു വശത്ത് തുറമുഖത്തു നിന്നുള്ള യാനങ്ങളുടെ ശബ്ദം, മറുവശത്ത് പക്ഷികളുടെ കലപിലശബ്ദം. നിരന്തരമായി ഈ നഗരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനങ്ങളെയാണ് ഈ വൈരുധ്യം ഓര്‍മിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനം ഇവിടേക്കെത്തുന്നു. ഏറെ കൂടിക്കലര്‍ന്ന ശബ്ദങ്ങളാണ് ഇവിടെ കേള്‍ക്കാ ന്‍ കഴിയുന്നതെന്നും ലീസ പറഞ്ഞു. ഗോയിഥെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബംഗളൂരു റസിഡന്‍സി പരിപാടിയുടെ ഭാഗമായാണ് അവര്‍ ഇന്ത്യയിലെത്തിയത്. ഡിസംബര്‍ 12ന് തുടങ്ങുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിലും ലീസയുടെ പ്രതിഷ്ഠാപനം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

RELATED STORIES

Share it
Top