കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ ആസ്വദിച്ച് പ്രധാനമന്ത്രിയുടെ മെട്രോ യാത്രകൊച്ചി: കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരികെ പത്തടിപ്പാലം മുതല്‍ പാലാരിവട്ടം വരെയുമായിരുന്നു പ്രധാനമന്ത്രി യാത്ര ചെയ്തത്. നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകി 11 മണിക്കായിരുന്നു പ്രധാനമന്ത്രി കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി സദാശിവം, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്രനഗരകാര്യ വികസനവകുപ്പ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കെടുക്കാന്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. കേരളത്തിന്റെ തനതുകലകളുടെ പെയിന്റിങുകള്‍ കൊണ്ട് അലങ്കരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി മെട്രോ ട്രെയിന്‍ ഒരുക്കിയിരുന്നത്. മോദിക്കൊപ്പം മുഖ്യമന്ത്രി, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു എന്നിവര്‍ ട്രെയിനിന്റെ വലതുഭാഗത്ത് ഒരേ സീറ്റിലിരുന്നു. മുന്‍നിശ്ചയിച്ചതിനു വിരുദ്ധമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പ്രധാനമന്ത്രിക്കൊപ്പം കയറി.11.06ന് ട്രെയിന്‍ യാത്ര തുടങ്ങി. എതിര്‍വശത്തെ സീറ്റിലിരുന്ന ഇ ശ്രീധരനും കെഎംആ ര്‍എല്‍ എംഡി ഏലിയാസ് ജോ ര്‍ജും കൊച്ചിമെട്രോയെ കുറിച്ചും മറ്റും പ്രധാനമന്ത്രിയോടു വിശദീകരിച്ചു. എട്ടു മിനിറ്റ് കൊണ്ട് ട്രെയിന്‍ പത്തടിപ്പാലത്തെത്തി. അരമിനിറ്റിന് ശേഷം 11.15ന് പാലാരിവട്ടത്തേക്കുള്ള മടക്കയാത്ര തുടങ്ങി. ആറു മിനിറ്റ് മാത്രമെടുത്ത് 11.21ന് ട്രെയിന്‍ പാലാരിവട്ടത്തെത്തി. തുടര്‍ന്ന് ട്രെയിനില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി പ്രത്യേക കാറില്‍ ഉദ്ഘാടനവേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നിലുള്ള വേദിയിലേക്കെത്തി. 11.34ന് വേദിയിലെത്തിയ മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. 45 മിനിറ്റുകൊണ്ട് ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാവുകയും ചെയ്തു.

RELATED STORIES

Share it
Top