കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി ടൗണ്‍ഷിപ്പ് തുടങ്ങും

കൊച്ചി: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി ടൗണ്‍ഷിപ് നിര്‍മാണ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ പുരോഗതിക്ക് ആക്കം കൂട്ടാന്‍ സ്മാര്‍ട്ട് സിറ്റി കൊച്ചി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റിയും സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ചിട്ടുള്ള ഫ്രെയിംവര്‍ക്ക് എഗ്രിമെന്റും പാട്ടക്കരാറും അനുസരിച്ച് പാട്ടഭൂമിയിലെ 29.5 ഏക്കര്‍ സ്ഥലത്തിന് കൈവശാവകാശം നല്‍കി റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിനു രൂപം നല്‍കാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു.
സ്മാര്‍ട്ട് സിറ്റിയില്‍ ഉയരുന്ന ഐടി വാണിജ്യ സമുച്ചയങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും ഈ പദ്ധതി. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമീപത്തുതന്നെ താമസസൗകര്യങ്ങള്‍ നല്‍കാനും ഗതാഗത അസൗകര്യങ്ങള്‍ ഒഴിവാക്കാനുമാണിത്. തങ്ങളുടെ കൈവശമുള്ള 246 ഏക്കര്‍ പാട്ടഭൂമിയിലെ 12 ശതമാനം വരുന്ന ഈ സ്ഥലം കൈവശാവകാശത്തിനു നല്‍കണമെന്ന് തിരുവനന്തപുരത്തു ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിക്ക് സര്‍ക്കാര്‍ 99 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനു നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായി 2007ല്‍ ഉണ്ടാക്കിയ ഫ്രെയിംവര്‍ക്ക് എഗ്രിമെന്റിന്റെയും തുടര്‍ന്ന് 2011ല്‍ ഒപ്പുവച്ച പാട്ടക്കരാറിലെയും വ്യവസ്ഥകള്‍ അനുസരിച്ച് ചില പ്ലോട്ടുകള്‍ പാട്ടത്തില്‍ നിന്ന് കൈവശാവകാശത്തിലേ—ക്ക് മാറ്റാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചായിരിക്കും സര്‍ക്കാരിനെ സമീപിക്കുക. താമസസൗകര്യം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ ഏറ്റെടുക്കാനും പൊതുജനങ്ങള്‍ക്ക് അവയിലെ റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍ വാങ്ങാനും ദീര്‍ഘകാലത്തിനു പാട്ടത്തിനെടുക്കാനും ഇതിലൂടെ കഴിയുമെന്നും മനോജ് നായര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പുരോഗമിക്കുന്ന വികസന പദ്ധതികള്‍ അനുസരിച്ച് 2020 അവസാനത്തോടെ 55 ലക്ഷം ചതുരശ്രയടി നിര്‍മിത സ്ഥലം അധികമായി നല്‍കാനാവും. ഇത് 55,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ അധികമായി സൃഷ്ടിക്കും. കാക്കനാട്ടെ ഐടി ഹബില്‍ ഇതോടെ മൊത്തം തൊഴില്‍സംഖ്യ ഒരു ലക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 3000 കുട്ടികളുമായി ജെംസ് മോഡേണ്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പാര്‍പ്പിട പദ്ധതികളും റീട്ടെയില്‍ പദ്ധതികളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ ടൗണ്‍ഷിപ്പില്‍ വേണ്ടിവരും. എത്രയും പെട്ടെന്ന് ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന ഘടനാ കരാര്‍ അനുസരിച്ച് കൈവശാവകാശ ഭൂമിയിലേക്ക് മാറുന്നതിനുള്ള സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം നടപ്പാവുന്നതിന് സര്‍ക്കാര്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ മാറ്റം കഴിഞ്ഞാലും കൈവശാവകാശം സ്മാര്‍ട്ട് സിറ്റിയില്‍തന്നെ നിക്ഷിപ്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേജര്‍ ടെര്‍മിനലും രണ്ട് ജെട്ടിയും നിര്‍മിക്കുന്നതിന് കൊച്ചി വാട്ടര്‍ മെട്രോക്ക് 3.33 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നിര്‍ദേശവും ബോര്‍ഡ് അംഗീകരിച്ചു.

RELATED STORIES

Share it
Top