കൊച്ചിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം ഉയര്‍ന്നേക്കും

കൊച്ചി: കൊച്ചിയുടെ മണ്ണ് ഒരിക്കല്‍ കൂടി ക്രിക്കറ്റ് ആവേശത്തിനു വഴിമാറുമോയെന്ന് ഉടനെ അറിയാം. കൊച്ചിയില്‍ കളി നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് വീണ്ടും കളിപ്രേമികള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുന്നത്.
സ്റ്റേഡിയം വിട്ടുകിട്ടുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന്റെ ഭാഗമായി ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാന്‍ സിഎന്‍ മോഹനനുമായി  ഇന്നു ചര്‍ച്ച നടത്തുമെന്ന് കെസിഎ പ്രസിഡന്റ് റോംഗ്ലിന്‍ ജോണ്‍ അറിയിച്ചു. ജിസിഡിഎയ്ക്കാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം അനുവദിച്ചുകിട്ടിയില്ലെങ്കില്‍ മാത്രമേ മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കു മാറ്റുകയുള്ളൂ എന്നും അദേഹം പറഞ്ഞു.
ഏറ്റവും ഒടുവിലായി രാജ്യാന്തര ക്രിക്കറ്റ് മല്‍സരം കേരളത്തിന് അനുവദിച്ചപ്പോള്‍ കാര്യവട്ടം സ്റ്റേഡിയമാണ് വേദിയായത്. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മല്‍സരമാണ് അന്നു നടന്നത്. അതിനാല്‍ ഇനിയുള്ള അവസരം കൊച്ചിക്കാണെന്ന നിലപാടാണ് കെസിഎക്കുള്ളത്. എന്നാല്‍, മല്‍സരം നടക്കുന്ന നവംബറില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ ആരംഭിക്കുമെന്നിരിക്കെ കെസിഎയുടെ ആഗ്രഹം സഫലമാകുമോയെന്നു കണ്ടറിയേണ്ടതുണ്ട്.
സ്റ്റേഡിയം 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കാന്‍ ജിസിഡിഎയുമായി കെസിഎ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കൊച്ചി വേദിയായ അണ്ടര്‍-17 ലോകകപ്പിനായി വിട്ടുനല്‍കുന്നതുവരെ കെസിഎയാണ് സ്റ്റേഡിയം പരിപാലിച്ചത്. സ്റ്റേഡിയം നവീകരണത്തിനായി ഇതുവരെ 10 കോടിയോളം രൂപ കെസിഎ മുടക്കി. കൂടാതെ, ഒരു കോടി രൂപയുടെ നിക്ഷേപവും സ്റ്റേഡിയത്തില്‍ നടത്തിക്കഴിഞ്ഞു.
ഫുട്‌ബോള്‍-ക്രിക്കറ്റ് മല്‍സരവങ്ങള്‍ ഒരുമിച്ചുവന്നാല്‍ പ്രാധാന്യമനുസരിച്ചു സ്റ്റേഡിയം ഏതു കളിക്ക് അനുവദിക്കണമെന്നു തീരുമാനിക്കുമെന്നാണ് ധാരണ. ഐഎസ്എല്‍ അടുത്ത സീസണ്‍ എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗി പ്രഖ്യാപനമൊന്നുംവരാത്തതിനാല്‍ മല്‍സരം കൊച്ചിയില്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

RELATED STORIES

Share it
Top