കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച

മരട്: അധികാരികള്‍ കര്‍ശന നിരീക്ഷണം നടത്തുമ്പോഴും കൊച്ചി നഗരത്തില്‍ മോഷണ പരമ്പര തുടരുന്നു. ഇന്നലെ പുലര്‍ച്ചെ നാലിന് കുണ്ടന്നുരില്‍ ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്നിരുന്ന ഒരു പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കാല്‍പവന്‍ വരുന്ന നാലു മോതിരങ്ങളും നാലരപ്പവന്‍ തൂക്കമുള്ള മാലയും കവര്‍ന്നു. ആറര പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ആകെ നഷ്ടമായത്. കുണ്ടന്നൂര്‍ ജങ്ഷന് സമീപം കുമ്പളാത്തറ വീട്ടില്‍ താമസിക്കുന്ന മോളി സേവ്യര്‍ എന്ന 55കാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്. പിറകുവശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. സംഭവമറിഞ്ഞ മരട് പോലിസെത്തി പരിശോധിക്കുകയും വിരലടയാളവിദഗ്ധര്‍ പരിശോധന നടത്തുകയും ചെയ്തു. നെട്ടൂരില്‍ ശനിയാഴ്ച മഹല്ല് ഓഡിറ്റോറിയത്തിനു സമീപം തെക്കേവീട്ടില്‍ പറമ്പില്‍ മുഹമ്മദ് റിയാസിന്റെ വീട്ടില്‍ മോഷണശ്രമം നടന്നു. മുഹമ്മദ് റിയാസും ഭാര്യയും സ്വന്തമായി നടത്തുന്ന സമീപത്തെ കോഴിക്കടയിലേക്ക് വൈകീട്ട് പോയിരുന്നു. 6.30ന് മകള്‍ വന്നപ്പോള്‍ വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും ആളനക്കവും കണ്ടതോടെ കടയില്‍ പോയി മാതാപിതാക്കളോട് വിവരം പറഞ്ഞു. മുന്‍വശത്തെയും പിന്‍വശത്തെയും വാതിലും കിടപ്പുമുറിയിലെ അലമാരയും തുറന്നിട്ട നിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. പനങ്ങാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top