കൊച്ചിയില്‍ നിന്നു പോയ 10 മല്‍സ്യത്തൊഴിലാളികള്‍ ഒമാനില്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയ കന്യാകുമാരി സ്വദേശികളായ 10 മല്‍സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഒമാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ തുത്തൂര്‍ സ്വദേശി ആന്റണി സേവ്യറിന്റെ ഉടമസ്ഥതയിലുള്ള കെവിന്‍ ബ്രൈറ്റ് എന്ന മല്‍സ്യബന്ധന ബോട്ട് ഈ മാസം 4നാണ് കൊച്ചിയില്‍ നിന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിനു പോയത്.
ശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട് ഒഴുകിനടന്ന ബോട്ട് സമുദ്രാതിര്‍ത്തി കടന്ന് ഒമാന്‍ തീരത്ത് എത്തുകയായിരുന്നു. ഒമാന്‍ അധികൃതരോടു തൊഴിലാളികള്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും 26ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചു.
ബോട്ടുടമ ആന്റണി സേവ്യര്‍, ആന്റോ തദേവൂസ്, ആരോഗ്യം, സില്‍വെസ്റ്റര്‍, ബെന്‍സിഗര്‍, ആന്റണി രാജ്, സുനില്‍, ജോസഫ് ബെസ്‌കി, ജോണ്‍ ക്ലീറ്റസ്, അമല്‍ രാജ് എന്നിവരാണ് ഒമാന്‍ ജയിലില്‍ കഴിയുന്നത്. ഇവരുടെ മോചനത്തിനായി ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് കേന്ദ്രത്തിന്റെയും എംബസി അധികൃതരുടെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top