കൊച്ചിയില്‍ നിന്നു കാണാതായ എട്ട് ബോട്ടുകള്‍ കണ്ടെത്തി

മട്ടാഞ്ചേരി: ഓഖി ദുരന്തത്തിനു മുമ്പ് കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയി കാണാതായ ബോട്ടുകളില്‍ നാലെണ്ണം ഇന്നലെ കൊച്ചിയിലെത്തി. നാലെണ്ണം ഇന്നു പുലര്‍ച്ചെയോടെ എത്തും. ഇനി മൂന്ന് ബോട്ടുകളും 30 തൊഴിലാളികളെയുമാണ് കണ്ടെത്താനുള്ളത്. അന്ന, മാതാ രണ്ട്, സൈമ സൈബ എന്നീ ബോട്ടുകളാണ് തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കടലില്‍ തിരച്ചില്‍ നടത്തുന്നതിനായി ഈ മാസം 11ന് കൊച്ചി ഹാര്‍ബറില്‍ നിന്നു പോയ 10 ബോട്ടുകളുടെ ശ്രമഫലമായാണ് നാലു ബോട്ടുകള്‍ ഇന്നലെ കൊച്ചിയിലെത്തിയത്. ജീസസ് പവര്‍, നോഹാ ആര്‍ക്ക്, സെന്റ് ആന്റണി, സെലസ്റ്റിയ എന്നീ ബോട്ടുകളാണ് 43 തൊഴിലാളികളുമായി കൊച്ചിയിലെത്തിയത്. ഇതില്‍ നോഹാ ആര്‍ക്ക്, ജീസസ് പവര്‍ എന്നീ ബോട്ടുകള്‍ എന്‍ജിന്‍ നിലച്ച് ഒഴുകിനടക്കുകയായിരുന്നു. തിരച്ചിലില്‍ കണ്ടെത്തിയ സെലസ്റ്റിയ എന്ന ബോട്ട് 11 തൊഴിലാളികളുമായി ഇന്ന് പുലര്‍ച്ചെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മല്‍സ്യകുമാരി എന്ന ചെറുകപ്പലിന്റെ നേതൃത്വത്തില്‍ ഇന്നലെ കൊച്ചിയില്‍ നിന്നു പോയ 25 ബോട്ടുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്ന് ബോട്ടുകള്‍ കണ്ടെത്തിയത്. കിന്‍സാ മോള്‍, ഓഷ്യന്‍ അവര്‍, സെന്റ് ഹൗസ് എന്നീ ബോട്ടുകള്‍ 34 തൊഴിലാളികളുമായി ഇന്നു പുലര്‍ച്ചെ കൊച്ചി ഹാര്‍ബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ വിവിധ സ്ഥലങ്ങളില്‍ കയറിയ പത്തു ബോട്ടുകളും 111 തൊഴിലാളികളും കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്നു പോയ ഏഴ് ബോട്ടുകളും തേങ്ങാപട്ടണത്ത് നിന്നു പോയ ഏഴു ബോട്ടുകളും മുങ്ങിയതായി വിവരം ലഭിച്ചിരുന്നു.  അതേസമയം, ദുരന്തത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തി. ഒരാളുടെ മൃതദേഹം കാസര്‍കോട്ടു നിന്നും മറ്റൊന്ന് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നുമാണ് കിട്ടിയത്. ബേപ്പൂരിലെ മല്‍സ്യത്തൊഴിലാളികളാണ് ഇന്നലെ വൈകീട്ട് കാസര്‍കോട്ടെ ഉള്‍ക്കടലില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി.

RELATED STORIES

Share it
Top