കൊച്ചിയിലെ 200 കോടിയുടെ മയക്കുമരുന്നു വേട്ട: അന്വേഷണത്തിനു പ്രത്യേകസംഘം; മയക്കുമരുന്ന് എത്തിയതു ചെന്നൈയില്‍ നിന്ന്

കൊച്ചി: ശനിയാഴ്ച കൊച്ചി നഗരത്തില്‍ നിന്നു പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍) എത്തിയത് ചെന്നൈയില്‍ നിന്നെന്നു സൂചന. എംഡിഎംഎ സൂക്ഷിച്ചിരുന്ന പെട്ടിയില്‍ നിന്നു ലഭിച്ച ചില രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഈ നിഗമനത്തിലെത്തിയത്. കഴിഞ്ഞദിവസം കൊച്ചി നഗരത്തില്‍ നടത്തിയ മയക്കുമരുന്നു വേട്ടയിലാണു മാര്‍ക്കറ്റില്‍ 200 കോടിയോളം രൂപ വരുന്ന എംഡിഎംഎ പിടികൂടിയത്.
ചെന്നൈയില്‍ നിന്നു പ്രത്യേകം തയ്യാറാക്കിയ ബാഗില്‍ ബസ് മാര്‍ഗം കൊച്ചിയിലെത്തിച്ച മയക്കുമരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്താനാണു ലക്ഷ്യമിട്ടതെന്നാണ് സൂചന. ഇതു സംബന്ധിച്ചു തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്ത് പറഞ്ഞു.
200 കോടിയുടെ 32 കിലോ തൂക്കം വരുന്ന എംഡിഎംഎയാണ് എറണാകുളം എംജി റോഡില്‍ ഷേണായീസിന് സമീപം പ്രവര്‍ത്തിക്കുന്ന കൊറിയര്‍ കമ്പനിയുടെ പാഴ്‌സല്‍ ഗോഡൗണില്‍ നിന്നു പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണു പിന്നിലെന്നും സംശയിക്കുന്നു. അന്വേഷണത്തിന് എറണാകുളം ഡിവിഷനല്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനെ നിയോഗിച്ചു. അന്താരാഷ്ട മയക്കുമരുന്നു ലോബികള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് എക്‌സൈസ് കരുതുന്നത്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം വേണ്ടിവരുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത എംഡിഎംഎ കാക്കനാടുള്ള റീജ്യനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ ഇന്നു പരിശോധനയ്ക്ക് അയക്കും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നത്. എട്ടു പാഴ്‌സല്‍ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയില്‍ കാര്‍ബണ്‍ഷീറ്റുകള്‍ പൊതിഞ്ഞ നിലയില്‍ 64 പാക്കറ്റുകളിലാണ് എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎയുടെ ഏറ്റവും ശുദ്ധീകരിച്ച രൂപമാണ് പിടികൂടിയത്.RELATED STORIES

Share it
Top