കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസാദം പദ്ധതിക്ക് തുടക്കമായി

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിക്കു മുതല്‍ക്കൂട്ടായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസാദം പദ്ധതി ശ്രീവടക്കുന്നാഥന്‍ ക്ഷേത്രം അന്നദാനമണ്ഡപത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ രംഗത്ത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന മാതൃക മറ്റു ദേവസ്വം ബോര്‍ഡുകള്‍ക്ക് അനുകരണീയമാണ്. ക്ഷേത്രപ്രവേശനത്തിനായി നടന്നുവന്ന പോരാട്ടങ്ങള്‍ കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകളാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അബദ്ധജഢിലമായ പല കാര്യങ്ങളിലും കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 14 കോടി മുതല്‍ മുടക്കില്‍ 11 ഇടത്താവളങ്ങളാണു നിര്‍മിക്കുന്നത്. വെറുതെകിടക്കുന്ന ദേവസ്വം ഭൂമി കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വാടകയ്ക്കു നല്‍കി അവയില്‍നിന്നുള്ള വരുമാനവും ഇടത്താവളങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുരിയച്ചിറ ചിറ്റിക്കാപ്പില്‍ സി എസ് അജയകുമാര്‍ പ്രസാദം പദ്ധതിയിലേക്കായി സംഭാവന ചെയ്ത 10001 രൂപ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി മന്ത്രി സ്വീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ രാജന്‍ എംഎല്‍എ, കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ്, ശ്രീവടക്കുന്നാഥന്‍ ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി സി വിജയന്‍, പ്രഫ.  എം മാധവന്‍കുട്ടി, കോര്‍പറേഷന്‍ മുന്‍ മേയര്‍ കെ രാധാകൃഷ്ണന്‍, അഡ്വ. എയു രഘുരാമപ്പണിക്കര്‍, ആര്‍ ഹരി, ബോര്‍ഡ് സെക്രട്ടറി വി എ ഷീജ സംസാരിച്ചു.

RELATED STORIES

Share it
Top