കൊച്ചിന്‍ കാന്‍സര്‍ സെന്ററിനെ മികച്ചതാക്കും

തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ സെന്ററിനെ മധ്യകേരളത്തിലെ ഒന്നാമത്തെ കാന്‍സര്‍ സെന്ററായി ഉയര്‍ത്തുമെന്നും അതിനായ കിഫ്ബി വഴി തുക അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ആരോഗ്യ ജാഗ്രത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കും. ഇതിനൊപ്പം സുസ്ഥിര വികസനം എന്ന ആശയത്തിലൂടെ പകര്‍ച്ചവ്യാധികളെ പൂര്‍ണമായും തടയുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന മില്ലേനിയം വികസനത്തിന്റെ ഭാഗമായാണ് സുസ്ഥിര വികസനമെന്ന ലക്ഷ്യം സംസ്ഥാനവും മുന്നോട്ടുവച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ ആരോഗ്യത്തിന് മൂന്നാംസ്ഥാനമാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇവിടുത്തെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തുകയും അതിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കുകയുമാണ്. ചില കാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സുസ്ഥിര വികസനത്തേക്കാളും കേന്ദ്ര സര്‍ക്കാരിന്റെ വികസനത്തെക്കാളുമെല്ലാം മുന്നേറാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമം അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ വിഷയാവതരണം നടത്തി. വിവിധ വിഷയങ്ങളില്‍ ഡോ. മീനാക്ഷി വി, ഡോ. എം സുനില്‍ കുമാര്‍, ഡോ. ജെ പത്മലത, ഡോ. ബിപിന്‍ കെ മോഹന്‍, ഡോ. കെ സന്ദീപ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top