കൊക്കോ വിറ്റഴിക്കാനാവാതെ കര്‍ഷകര്‍

അടിമാലി: കര്‍ഷകരെ ദുരിതത്തിലാക്കി കൊക്കൊ പരിപ്പ് വാങ്ങാതെ കച്ചവടക്കാര്‍. ഇതോടെ ആയിരക്കണക്കിനു രൂപയുടെ കൊക്കോ പരിപ്പാണ് നശിക്കുന്നത്. മൊത്തവ്യാപാരികളും ചില കമ്പനികളും പരിപ്പു വാങ്ങുന്നതു നിര്‍ത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കൊക്കോ വിപണി കയ്യടക്കി വച്ചിട്ടുള്ള മൊത്ത വ്യാപാരികളും കമ്പനികളും കൊക്കോ വാങ്ങാന്‍ കൂട്ടാക്കാതെ വിലയിടിക്കാനുള്ള ഗൂഢനീക്കമാണു നടത്തുന്നതെന്നു കര്‍ഷകര്‍ ആരോപിച്ചു. കൊക്കോ പരിപ്പ് വാങ്ങാന്‍ മൊത്ത വ്യാപാരികളും കമ്പനികളും തയാറാവാത്ത സാഹചര്യം കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. ഒരു മാസമായി തുടരുന്ന പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ കൂട്ടാക്കാത്തതു കര്‍ഷകരുടെ പ്രതിഷേധം വര്‍ധിക്കാന്‍ കാരണമാകുകയാണ്. കര്‍ഷകര്‍ ഉണങ്ങുന്ന കൊക്കോ പരിപ്പ് വാങ്ങുന്നതിന് കമ്പനികളുടെ ഏജന്റുമാരും മൊത്തവ്യാപാരികളും തയാറാകാത്ത സാഹചര്യം നിലനില്‍ക്കെ ഇപ്പോള്‍ പച്ചപരിപ്പും വാങ്ങാന്‍ വ്യാപാരികള്‍ തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കിലോഗ്രാമിന് 150 മുതല്‍ 160 വരെയാണ് ഉണങ്ങിയ കൊക്കോ പരിപ്പിന് മാര്‍ക്കറ്റില്‍ വില ലഭിച്ചിരുന്നത്. എന്നാല്‍ അടുത്ത നാളില്‍ ഇവയ്ക്ക് ഗുണമേന്മ കുറവാണെന്ന കാരണം പറഞ്ഞ് മൊത്ത വ്യാപാരികള്‍ കൊക്കോ പരിപ്പ് വാങ്ങാന്‍ കൂട്ടാക്കാതെ വരികയായിരുന്നു. ഇതേ സമയം പച്ചപരിപ്പിന് കിലോഗ്രാമിന് 50 മുതല്‍ 55 രൂപവരെ വില ലഭിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചക്കാലമായി ഇതിനും ഗുണമേന്മ കുറവാണെന്ന കാരണം നിരത്തി മൊത്തവ്യാപാരികള്‍ വാങ്ങാന്‍ കൂട്ടാക്കാത്ത സാഹചര്യമാണുള്ളതത്രെ. ഹൈറേഞ്ചിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നൂറ് കണക്കിന് ടണ്‍ ഉണങ്ങിയതും പച്ചയുമായ കൊക്കോ പരിപ്പുകളാണ് വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും സഹകരണ സംഘങ്ങള്‍ വഴിയോ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ കര്‍ഷകരില്‍ നിന്നു കൊക്കോ സംഭരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

RELATED STORIES

Share it
Top