കൈവശാവകാശ ഭൂമിക്ക് പട്ടയമില്ല; 14 മുതല്‍ അനിശ്ചിതകാല സമരം

ബദിയടുക്ക: കൈവശ ഭൂമിക്ക് പട്ടയം നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പാടി-നെക്രാജെ വില്ലേജ് ഓഫിസ് പരിധിയിലെ 35 കുടുംബങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നു.  റവന്യു മന്ത്രി നിര്‍ദേശിച്ചിട്ടും വില്ലേജ് അധികൃതര്‍ ഗൗനിച്ചില്ലെന്നാണ് പരാതി. നെല്ലിക്കട്ടയിലുള്ള നെക്രാജെ-പാടി ഗ്രൂപ്പ് വില്ലേജ് ഓഫിസിന് മുന്നില്‍ 14ന് അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
വില്ലേജ് ഓഫിസ് പരിധിയിലെ ചൂരിപ്പള്ളം, സാലത്തടുക്ക, ബിലാല്‍ നഗര്‍ എന്നിവിടങ്ങളിലെ 35 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാത്തത്. 10 വര്‍ഷം മുമ്പ് സര്‍ക്കാര്‍ സ്ഥലത്ത് കുടില്‍ കെട്ടി താമസമാക്കിയ കുടുംബങ്ങളില്‍ പലരും അഞ്ചു സെന്റ് മുതല്‍ പത്ത് സെന്റ് വരെ കൈവശം വെച്ചവരുമുണ്ട്. ചൂരിപള്ളത്ത് പത്തും  സാലത്തടുക്കയില്‍ പതിനഞ്ചും ബിലാല്‍ നഗറില്‍ പത്തും കുടുംബങ്ങളാണ് കൈവശ ഭൂമിക്ക് പട്ടയത്തിനായി മുറവിളി കൂട്ടുന്നത്. കൈയേറ്റ ഭൂമിയില്‍ ഇവര്‍ പണി തീര്‍ത്ത വീടുകള്‍ക്ക് പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവയും അവര്‍ക്കുണ്ട്. പല തവണ പട്ടയത്തിനായി അപേക്ഷ  നല്‍കിയതായി കുടുംബങ്ങള്‍ പറയുന്നു.
ആറ് മാസം മുമ്പ്  കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഇവര്‍ക്ക് പട്ടയം നല്‍കണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാത്രവുമല്ല ഉടനെ സ്ഥലം അളന്ന് തിട്ടപെടുത്തുവാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വില്ലേജ് അധികൃതര്‍ ഉത്തരവ് ലംഘിക്കുന്നതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top