കൈലാസം കേറിയാല്‍ കിട്ടുമോ പരമപദം?

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
കഷ്ടിച്ച് ആറുമാസം മാത്രമാണ് ഇനി പൊതുതിരഞ്ഞെടുപ്പിനു ബാക്കിയുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ആര് ആരോടാണു മല്‍സരിക്കുകയെന്ന വിഷയം ഇപ്പോള്‍ അന്തരീക്ഷത്തില്‍ കത്തിനില്‍ക്കുകയാണ്. ഒരുഭാഗത്ത് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പശുവാദിസംഘവുമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഇത്തവണ ആരായിരിക്കും അവരുടെ നേതാവ് എന്ന കാര്യത്തിലുമില്ല തര്‍ക്കം. നരേന്ദ്രമോദി അജയ്യനായി നിലനില്‍ക്കുകയാണ്. ഭരണരംഗത്ത് അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ധൈര്യമുള്ള ഒരാളും ഇന്ന് സംഘപരിവാരത്തിലോ സഖ്യകക്ഷികളിലോ ഇല്ല. സംശയമുള്ളവര്‍ സഖ്യകക്ഷി നേതാവ് നിതീഷ്‌കുമാറിനെയോ സംഘപരിവാര നേതാവ് പ്രവീണ്‍ തൊഗാഡിയെയോ വിളിച്ചുചോദിച്ചാല്‍ മതി. മോദിയുമായി യാതൊരു ഇടപാടുമില്ലെന്നു പറഞ്ഞ് നാലുവര്‍ഷം മുമ്പ് ബിഹാറില്‍ പശുവാദിസഖ്യം വിട്ട നേതാവാണ് പരമ സോഷ്യലിസ്റ്റായ നിതീഷ്‌കുമാര്‍. തന്റെ ആജന്മകാല വൈരിയായ ലാലുപ്രസാദ് യാദവിനെ ഫോണില്‍ വിളിച്ച് സുല്ലു പറഞ്ഞ് ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ച നേതാവ്. പക്ഷേ, ഇപ്പോള്‍ എവിടെയാണ് ടിയാന്റെ കുടിപ്പാര്‍പ്പ്? വീണ്ടും പശുവാദിസഖ്യത്തില്‍. പരമാനന്ദമായി ഭരിക്കുന്നു. ഒരു എതിര്‍പ്പുമില്ല. ഒട്ടുമില്ല മോദി വിരോധം. മറ്റൊരു എതിരാളി പ്രവീണ്‍ തൊഗാഡിയ ആയിരുന്നു. വിശ്വഹിന്ദുപരിഷത്തുകാരന്‍ തനിക്കു പാരയായി വരുമെന്നു കണ്ടതോടെ മോദിയാശാന്‍ പുള്ളിക്കാരന്റെ ചീട്ടുകീറി. തന്നെ കൊല്ലാന്‍ നടക്കുകയാണ് മോദി എന്നാണ് തൊഗാഡിയ പറയുന്നത്. നാട്ടിലെ പാവങ്ങളെയും മേത്തന്‍മാരെയും കാച്ചണം എന്നു പറഞ്ഞ് പരിവാരക്കാര്‍ക്ക് കുറുവടിയും തൃശൂലവും കൊടുത്തുവിട്ടയാളാണ് തൊഗാഡിയ. ഇപ്പോള്‍ അണ്ടിപോയ അണ്ണാന്റെ മാതിരിയാണ് അവസ്ഥ. മറുഭാഗത്ത് ആരാണ് മോദിക്കെതിരില്‍ എന്ന ചോദ്യം ഉയരുന്നുണ്ട്. സംയുക്തമായി പ്രതിപക്ഷം മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കുമോ എന്ന കാര്യത്തില്‍പ്പോലും ഇപ്പോഴും യാതൊരു ഉറപ്പുമില്ല. എന്നിട്ടല്ലേ ആര് നേതാവാകും എന്ന പ്രശ്‌നം. നേതാവാകാന്‍ യോഗ്യന്‍മാര്‍ ഇല്ലാത്തതല്ല പ്രശ്‌നം. മറിച്ച് അത്തരം യോഗ്യന്‍മാരുടെ എണ്ണം കൂടിപ്പോയതാണ് പ്രതിപക്ഷത്തിന്റെ യഥാര്‍ഥ പ്രശ്‌നം. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒരുപാടു മെലിഞ്ഞെങ്കിലും ഇന്നും ദേശീയതലത്തില്‍ ഒന്നാംനമ്പര്‍ തന്നെയാണ്. പാര്‍ട്ടി വളരെ കാലത്തെ അധ്വാനത്തിനുശേഷം ഇപ്പോള്‍ ഒരു പുതിയ അഖിലേന്ത്യാ അധ്യക്ഷനെയും കണ്ടെത്തിയിട്ടുണ്ട്. രാഹുല്‍ഗാന്ധി വേണ്ടിവന്നാല്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കാനും തയ്യാര്‍. പക്ഷേ, എന്താണ് രാഹുല്‍ജി രാജ്യത്തിനു നല്‍കുന്ന സന്ദേശം? ശക്തനായ ഒരു നേതാവു തന്നെയാണ് താന്‍ എന്നു കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. നാക്കിനു നാല്‍പതുമുഴം നീളമുള്ള മോദിയെ ശരിക്കും ഞെട്ടിക്കുന്നതരത്തിലായിരുന്നു രാഹുല്‍ജിയുടെ പ്രകടനം. മോദിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ തന്റെ സ്വന്തം ശിവഭക്തി പ്രതിച്ഛായകൊണ്ടു നേരിടാനാണ് രാഹുല്‍ജിയുടെ നീക്കം. അങ്ങേര് പ്രയാസപ്പെട്ട് ഹിമാലയസാനുക്കളില്‍ യാത്ര ചെയ്ത് കൈലാസപര്‍വതം വരെ ചെന്നു. കൈലാസം ശിവന്റെ ആവാസസ്ഥാനമാണെന്നു പുരാണപ്രസിദ്ധം. മോദിക്ക് ഇനി അങ്ങോട്ട് എത്തിപ്പെടാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. അതിനാല്‍, ശിവന്റെ പിന്തുണ രാഹുല്‍ജി ഉറപ്പാക്കിയ മട്ടാണ്. പക്ഷേ, ഇങ്ങനെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ടു നേരിടുന്ന നേതാവുതന്നെയാണോ രാജ്യത്തിനു വേണ്ടത്? രാഹുല്‍ജിയുടെ കൈലാസയാത്രയുടെ സന്ദേശമെന്താണ്? മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്്‌റു ഇത്തരം രാഷ്ട്രീയപ്രവര്‍ത്തനത്തെ എങ്ങനെ കാണും? അതൊരു പ്രശ്‌നം. രാഹുല്‍ജിയുടെ മുന്നില്‍ കടമ്പകള്‍ വേറെയുമുണ്ട്. പ്രതിപക്ഷത്ത് ശരത്പവാര്‍ മുതല്‍ ലാലുജി വരെയും മായാവതി മുതല്‍ മമതാബാനര്‍ജി വരെയും അഖിലേഷ് യാദവ് മുതല്‍ സീതാറാം യെച്ചൂരി വരെയും നേതാക്കള്‍ പലരുണ്ട്. സീതാറാമിന്റെ പാര്‍ട്ടി പണ്ട് പ്രധാനമന്ത്രിപദം വച്ചുനീട്ടിയപ്പോള്‍ വേണ്ടെന്നു തട്ടിക്കളഞ്ഞ പാര്‍ട്ടിയാണ്. പക്ഷേ, കാലം മാറി. എല്ലാവരും വേണ്ടിവന്നാല്‍ പ്രധാനമന്ത്രിപദം പൂകി രാജ്യത്തെ സേവിക്കാന്‍ തയ്യാറാണ്. അപ്പോള്‍ ആര് പ്രതിപക്ഷത്തെ നയിക്കുമെന്ന ചോദ്യമേ ഉദിക്കുന്നില്ല. എല്ലാവരും നയിക്കും. പക്ഷേ, ആരു ജയിക്കും എന്ന ചോദ്യം ഇപ്പോള്‍ നാട്ടിലെല്ലാവരും ഉല്‍ക്കണ്ഠയോടെ ചോദിക്കുന്നുണ്ട്. ി

RELATED STORIES

Share it
Top