കൈയേറ്റമൊഴിപ്പിക്കാന്‍ ശ്രീറാം നടത്തിയ ഇടപെടലുകള്‍ അഭിനന്ദനീയം

തിരുവനന്തപുരം: ദേവികുളം സബ്കലക്ടറായിരിക്കേ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ പുരസ്‌കാരം ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ശേഷമാണ് വിഎസിന്റെ പ്രതികരണം.
2006ല്‍ തന്റെ നേതൃത്വത്തി ല്‍ നടന്ന മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ വിഎസ് ഓര്‍ത്തെടുത്തു. ഈവര്‍ഷം മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഡോ. ശ്രീറാം വെങ്കിട്ടരാമന്റേത്. ദേവികുളം സബ് കലക്ടറായിരിക്കെ നടത്തിയ ശ്രദ്ധേയമായ സേവനങ്ങളാണ് അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ചത്. മനസ്സും ചിന്തയും ശുദ്ധമായതും ജനങ്ങളോടുള്ള പ്രതിബദ്ധത ദിശാവെളിച്ചമാവുകയും ചെയ്ത  ഒരാള്‍ക്ക് ആരെയും പേടിക്കേണ്ടതില്ലെന്ന് അദ്ദേഹം തെളിയിച്ചു. 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമം തുടങ്ങിയതാണ്. പലകാരണങ്ങളാല്‍ ഇത് മുടങ്ങിക്കിടന്നപ്പോള്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ശ്രീറാം ധീരമായ നടപടി സ്വീകരിച്ചു. മറയൂരിലെ 2500ലേറെ ആദിവാസി കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടിയെടുത്തതാണ് ശ്രീറാം ചെയ്ത മറ്റൊരു നേട്ടം. തങ്ങള്‍ ഇവിടെ ജീവിക്കുന്നു എന്നതിന്റെ തെളിവിന്  വേണ്ടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയിറിയിറങ്ങി ജീവിതം തുരുമ്പെടുത്ത ആദിവാസികള്‍ക്കാണ് അദ്ദേഹം പുതിയ പ്രതീക്ഷ നല്‍കിയത്.  ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാമെന്നത് കാട്ടിത്തന്നിരിക്കുകയാണ് അദ്ദേഹം. വിഎസിനെ നേരിട്ട് കാണണമെന്നത് കോളജ് കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നായിരുന്നു ശ്രീറാമിന്റെ മറുപടി. അദ്ദേഹത്തിന്റെ കൈയില്‍നിന്ന് പുരസ്‌കാരം സ്വീകരിക്കുമ്പോഴുണ്ടായ അത്രയും സന്തോഷം താന്‍ ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലെന്നും ശ്രീറാം പറഞ്ഞു.

RELATED STORIES

Share it
Top