കൈയേറ്റം നീക്കേണ്ടത് ഉദ്യോഗസ്ഥ ബാധ്യത; കോണ്‍ഗ്രസ്സിലും എല്‍ഡിഎഫിലും ഭിന്നത

തൃശൂര്‍: നഗരത്തിലെ കയ്യേറ്റങ്ങളും അനധികൃതനിര്‍മ്മാണങ്ങളും ഒഴിവാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കു മാത്രമാണെന്നും ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ അനുവദിക്കില്ലെന്നും മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി.
പൊതുചര്‍ച്ചക്ക് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നതിനെചൊല്ലി എല്‍ഡിഎഫിലും കോണ്‍ഗ്രസ്സിലും ഭിന്നത. മുനിസിപ്പല്‍ ചട്ടം ലംഘിച്ചുവെന്ന ആരോപണത്തില്‍ മറുപടി പറയാനാകാതെ പ്രതികൂട്ടിലായി മേയര്‍. ചട്ടലംഘനമില്ലെന്ന് ജോണ്‍ ഡാനിയേല്‍. കയ്യേറ്റങ്ങള്‍ നീക്കാന്‍ കൗണ്‍സില്‍ തീരുമാനം വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുന്നയിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കണ്ടംകുളത്തി ശാസിച്ചു. സഭയെ തെറ്റിദ്ധരിപ്പിക്കരുത്. കയ്യേറ്റം തടയേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. അതിന് കൗണ്‍സില്‍ അനുമതിതന്നെ ആവശ്യമില്ല. കണ്ടംകുളത്തി വിശദീകരിച്ചു.
പൂങ്കുന്നം പ്രദേശത്തെ കയ്യേറ്റങ്ങള്‍ നീക്കണമെന്ന ബി.ജെ.പി കൗണ്‍സിലര്‍ രാവുണ്ണിയുടെ ആവശ്യത്തോട് പൊതുചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍. അനില്‍കുറിന്റെ മറുപടിയെ പ്രതിപക്ഷവും ചോദ്യം ചെയ്തു. കയ്യേറ്റം നീക്കാന്‍ മൂന്ന് തവണ കൗണ്‍സില്‍ തീരുമാനമെടുത്തിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയിട്ടില്ലെന്ന് സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാടയും ചൂണ്ടികാട്ടി.അതേസമയം കയ്യേറ്റങ്ങള്‍ നീക്കാന്‍ റവന്യു-ഹെല്‍ത്ത്-ടൗണ്‍പ്ലാനിങ്ങ് വിഭാഗം ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹെല്‍ത്ത് സൂപ്രവൈസര്‍ എന്‍.രാജന്റെ നിര്‍ദ്ദേശം കൗണ്‍സില്‍ അംഗീകരിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്‌പെഷല്‍ കൗണ്‍സില്‍ യോഗം വിളിക്കുന്നത്. ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ മുന്‍കൂട്ടി എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്ക് നേരിട്ട് തന്നെ മറുപടിയുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
പൊതുചര്‍ച്ച അനുവദിക്കാത്ത ഭരണപക്ഷ നിലപാടിനെതിരായി ഭൂരിപക്ഷ പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടിന് ബദലായാണ് പ്രത്യേക യോഗമെങ്കിലും ചര്‍ച്ച വളരെ ക്രിയാത്മകമായിരുന്നു. ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ മുമ്പാകെ വന്ന് നേരിട്ട് മറുപടി പറയുന്ന മാതൃകാ സംവിധാനത്തെ പ്രതിപക്ഷം പോലും സ്വാഗതം ചെയ്തു.

RELATED STORIES

Share it
Top