കൈയേറ്റം ഒഴിപ്പിക്കാന്‍ സമഗ്ര നിയമം ; വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: സംസ്ഥാനത്തെ കൈയേറ്റം ഒഴിപ്പിക്കാന്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച സര്‍വകക്ഷിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ കൈയേറ്റങ്ങള്‍ക്കു പിന്നില്‍ ഏത് വന്‍കിടക്കാരായാലും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വന്‍കിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിക്രമങ്ങളാണ് സര്‍ക്കാരിനു മുന്നില്‍ ആദ്യമുള്ളത്. ഒരു വിട്ടുവീഴ്ചയും വന്‍കിടക്കാര്‍ക്കു നല്‍കില്ല. ഭാവിയില്‍ ഒരുവിധ കൈയേറ്റങ്ങളും ഉണ്ടാവാതിരിക്കാന്‍ നോക്കും. കൈയേറ്റക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവരെല്ലാം പൂര്‍ണ പിന്തുണ നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് സര്‍വകക്ഷിയോഗത്തിനു മുമ്പു നടന്ന മതമേലധ്യക്ഷന്‍മാരുടെ യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ആരാധനാലയങ്ങളുടെ പേരിലുള്ള കൈയേറ്റങ്ങളെയും കൈയേറ്റങ്ങളായി മാത്രമേ കാണാനാവൂ എന്നു മുഖ്യമന്ത്രി പറഞ്ഞു. 1977 ജനുവരി ഒന്നിനു മുമ്പ് ഇടുക്കി ജില്ലയില്‍ കുടിയേറിയവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 21ന് പട്ടയവിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. കുടിയേറ്റക്കാര്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും വേണം. പട്ടയവിതരണത്തിന് ഷെഡ്യൂള്‍ തയ്യാറാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  തോട്ടമുടമകളില്‍ ചിലര്‍ വ്യവസ്ഥകള്‍ ലംഘിച്ച് മറ്റാവശ്യത്തിന് ഭൂമി ഉപയോഗിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. തോട്ടംതൊഴിലാളികള്‍ക്ക് വീട് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മൂന്നാറില്‍ വീടുവയ്ക്കാന്‍ വേണ്ടി കുറഞ്ഞതോതില്‍ ഭൂമി കൈയേറിയവരെ ആദ്യം ലക്ഷ്യംവയ്ക്കില്ല. എന്നാല്‍, മൂന്നാറിന്റെ പരിസ്ഥിതി നശിപ്പിക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ല. തങ്ങള്‍ക്ക് ചട്ടങ്ങളും വ്യവസ്ഥകളും ബാധകമല്ലെന്നാണ് വന്‍കിട കൈയേറ്റക്കാര്‍ കരുതുന്നത്. അത്തരം കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക. സര്‍ക്കാര്‍ഭൂമി കൈയേറി കൈവശം വച്ചുവരുന്നവരും വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മിച്ച് ഉപയോഗിക്കുന്നവരുമുണ്ട്. ഒരു രേഖയും ഇത്തരക്കാരുടെ പക്കലില്ല. വ്യാജ പട്ടയങ്ങളുടെ പ്രശ്‌നങ്ങളും ഇവിടെ നിലവിലുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന നിരവധി നിര്‍ദേശങ്ങള്‍ സര്‍വകക്ഷി യോഗത്തിലുയര്‍ന്നു. ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് ഉചിതമായ നടപടി സ്വീകരിക്കും. മൂന്നാറിലെ വനം, തുറസ്സായ പ്രദേശങ്ങള്‍, ചോലവനങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കാന്‍ നടപടിയെടുക്കും. ഇടുക്കിയിലെ നദികളില്‍ വന്‍തോതില്‍ മാലിന്യം നിറഞ്ഞിരിക്കുന്ന സാഹചര്യം പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തിനു മുന്നോടിയായി പരിസ്ഥിതി, മാധ്യമ, മത-സാമുദായിക സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കൈയേറ്റമൊഴിപ്പിക്കുന്നതിന് വിവിധ വിഭാഗം ജനങ്ങളുടെ പിന്തുണ തേടുന്നതിനാണ് യോഗങ്ങള്‍ ചേര്‍ന്നത്. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ രാജു, എ കെ ബാലന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top