കൈയേറ്റം എവിടെയൊക്കെയെന്ന് റവന്യൂവകുപ്പിന് അറിയില്ല

ഇടുക്കി: ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി എവിടെയൊക്കെ കുരിശ് സ്ഥാപിച്ചുണ്ടെന്ന കൃത്യമായ കണക്കുകള്‍ റവന്യൂ വകുപ്പിന്റെ കൈവശമില്ല. ആകെ കൈയിലുള്ളത് പത്തിടത്ത് മാത്രം കൈയേറിയിട്ടുണ്ടെന്ന കണക്കു മാത്രമാണ്. അതേസമയം, വന്‍തോതില്‍ കൈയേറ്റം നടന്നിട്ടുള്ള കല്യാണത്തണ്ടിലെയും പുള്ളിക്കാനത്തെയും കുരിശ് സ്ഥാപിച്ചതു സംബന്ധിച്ചതും റവന്യൂവകുപ്പിന്റെ രേഖകളില്ല. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 10 സ്ഥലത്ത് കുരിശ് സ്ഥാപിച്ച് സ്ഥലം കൈയേറിയത് മാത്രമാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖയിലുള്ളത്.
പീരുമേട് താലൂക്കില്‍ മൂന്ന് സ്ഥലത്ത് കുരിശ് സ്ഥാപിച്ച് രണ്ടരയേക്കര്‍ സ്ഥലം കൈയേറിയിട്ടുണ്ട്. 2014 ജനുവരി ഒന്നിനുശേഷം പീരുമേട്ടില്‍ ഒരു കുരിശ് ഒഴിപ്പിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ പാപ്പാത്തിച്ചോല, മുണ്ടിയെരുമ, എഴുകുംവയല്‍ എന്നിവിടങ്ങളിലാണ് കുരിശു സ്ഥാപിച്ചുള്ള കൈയേറ്റം. ഇതില്‍ മുണ്ടിയെരുമയിലെ സ്ഥലം അളന്നു തിട്ടപ്പെടുത്തിയിട്ടില്ല.
ദേവികുളം താലൂക്കിലും തൊടുപുഴ താലൂക്കിലും ഓരോ സ്ഥലത്ത് മാത്രമാണ് രേഖകളില്‍ കുരിശ് വച്ചുള്ള കൈയേറ്റമുള്ളത്. കൈയേറിയ ഭൂമിയാകട്ടെ അളന്നു തിട്ടപ്പെടുത്തിയിട്ടുമില്ല. പുള്ളിക്കാനം, കല്യാണത്തണ്ട്, ചെറുതോണി, നെടുങ്കണ്ടം എന്നിവയടക്കം നിരവധി നഗ്‌നമായ കൈയേറ്റങ്ങളുണ്ടായിരിക്കെ അതൊന്നും റവന്യൂ വകുപ്പിന്റെ രേഖകളില്‍ ഇടം പിടിച്ചിട്ടില്ല എന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൃത്യമായ വിവരം സൂക്ഷിച്ചിട്ടില്ല എന്ന വസ്തുത തുറന്ന് സമ്മതിച്ചത് തൊടുപുഴ താലൂക്ക് മാത്രമാണ്.
അതേസമയം, ജില്ലയില്‍ വ്യാപകമായ കുരിശ് സ്ഥാപിച്ച് സ്വകാര്യവ്യക്തികള്‍ ഏക്കറു കണക്കിനു സ്ഥലങ്ങള്‍ കൈയേറിയത് ഒഴിപ്പിച്ചെടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. കുരിശ് സ്ഥാപിച്ച ശേഷം സ്ഥലത്തിന്റെ വ്യാജ രേഖകള്‍ തയ്യാറാക്കി ട്രസ്റ്റ് രൂപീകരിച്ച്, ഭൂമി രേഖാമൂലം സ്വന്തമാക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്. ഇത്തരത്തിലാണ് പാപ്പാത്തിച്ചോലയില്‍ ഒരു ട്രസ്റ്റും അതിന്റെ പേരിലുള്ള സ്പിരിച്വല്‍ സ്ഥാപനവും വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയത്. ഇത് സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു.
കുരിശ് സ്ഥാപിച്ച് സ്വന്തമാക്കുന്ന ഭൂമിയില്‍ ബില്‍ഡിങ്ങുകള്‍ നിര്‍മിച്ച് വിനോദസഞ്ചാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും വര്‍ധിച്ചുവരുന്നുണ്ട്. എന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാതെ അധികൃതര്‍ കൈയേറ്റക്കാരെ സഹായിക്കുകയാണെന്ന ആരോപണം ശക്തമാണ്.

RELATED STORIES

Share it
Top