കൈയേറിയ ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുഅമ്പലപ്പുഴ: കെഎസ്ആര്‍ടി സിയുടെ കൈയേറിയ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത് തടഞ്ഞ 2 സി പി എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാല് പേരെ പോലിസ് അറസ്റ്റു ചെയ്തു. സി പി എം തോട്ടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി മുരളി, കര്‍ഷക സംഘം സെക്രട്ടറി അജയകുമാര്‍, മംഗളന്‍, ഭാര്യ രാധ എന്നിവരെയാണ് അമ്പലപ്പുഴ അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.  തോട്ടപ്പള്ളി സ്പില്‍വേക്ക്‌തെക്ക് ഭാഗത്തായാണ് കെ എസ്ആര്‍ടിസിക്ക് 10 സെന്റ് ഭൂമി ഉണ്ടായിരുന്നത്. ഇവിടെ സമീപവാസി സ്ഥലം കൈയേറി കെട്ടിടവും കാര്‍ഷെഡും നിര്‍മിച്ചത് വിവാദമായതോടെ ഏതാനും മാസം മുമ്പ് അധികൃതര്‍ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇവിടെ ജനകീയ സമിതിക്ക് രൂപം നല്‍കിയത്. സ്വകാര്യ വ്യക്തി കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ഒരാഴ്ച മുമ്പ് ജനകീയ സമിതി പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഡി ടി ഒ കെ അജി, ലാന്റ് റവന്യൂ സ്‌പെഷ്യല്‍ ഓഫിസര്‍ മുസ്തഫ, കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ അപ്പുക്കുട്ടന്‍ എന്നിവര്‍ പോലിസിന്റെയും റവന്യൂ വകുപ്പിന്റെയും സഹകരണത്തോടെ സ്ഥലമളന്ന് തിട്ടപ്പെടുത്താന്‍ എത്തിയത്. കാര്‍ഷെഡ് ആദ്യം പൊളിച്ചു മാറ്റി. പിന്നീട് തെക്ക് ഭാഗത്ത് സ്ഥലമളന്ന് തിട്ടപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് സമീപവാസി മംഗളന്‍ ഭാര്യ എന്നിവരും സി പി എം പ്രവര്‍ത്തകരായ മുരളി, അജയകുമാര്‍ എന്നിവരും ചേര്‍ന്ന് തടസപ്പെടുത്തിയത്.പിന്നീട് അമ്പലപ്പുഴ സി ഐ ബിജു വി നായര്‍ എസ് ഐ എം പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് നാല് പേരെയും അറസ്റ്റു ചെയ്തു നീക്കി. ഇതിനു ശേഷമാണ് സ്ഥലമളന്ന് തിട്ടപെടുത്തിയത്. കൈ യേറ്റത്തിന് ശേഷം ഇപ്പോള്‍ ആറര സെന്റ് സ്ഥലം മാത്രമാണുള്ളതെന്ന് വ്യക്തമായി. എന്നാല്‍ 10 സെന്റ് സ്ഥലത്തിനാണ് കെഎസ്ആര്‍ടിസി കരമടക്കുന്നത്. നഷ്ടപ്പെട്ട മൂന്നര സെ ന്റ് സ്ഥലം തിരികെ ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡി ടി ഒ കെ അജി പറഞ്ഞു. സ്ഥലം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ഇതിനായി നടപടി സ്വീകരിക്കണമെന്നും സമരസമിതി ചെയര്‍മാന്‍ എം ടി മധു ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top