കൈയില്‍ കരുതാം കുടിവെള്ളം

ഗ്രീന്‍ നോട്ട്‌സ് -  ജീയേജി അജയമോഹന്‍

ഒരു ലിറ്റര്‍ പച്ചവെള്ളത്തിന് എന്തു വിലയുണ്ട്? സംശയമൊന്നുമില്ല, ലിറ്ററിന് 20 രൂപയ്ക്കു തന്നെയാണ് മലയാളികള്‍ ഇപ്പോഴും കുപ്പിയിലാക്കിയ പച്ചവെള്ളം വാങ്ങിക്കുടിക്കുന്നത്. ആരും വില കുറച്ചിട്ടില്ല. അഥവാ വിലക്കുറവ് വിപണിയില്‍ കാണാനില്ല.
കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നു എന്നൊരു വാര്‍ത്ത കുറച്ചുനാള്‍ മുമ്പു വരെ കേട്ടിരുന്നു. ഇപ്പോള്‍ അതുസംബന്ധിച്ച വാര്‍ത്തകളൊന്നും വരുന്നതുമില്ല. ലിറ്ററിന് 20 രൂപയില്‍ തന്നെ കാര്യം ഉറപ്പിച്ചമട്ടാണ്.
ലിറ്ററിന് 13 രൂപയായി വില കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെള്ള നിര്‍മാതാക്കള്‍ തീരുമാനിച്ചതാണ്. എന്നാല്‍, ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനോട് സഹകരിക്കാന്‍ തയ്യാറായില്ല. ഒരു മല്‍സരത്തിന് ആരും തയ്യാറായതുമില്ല. ലിറ്ററിന് 13 രൂപയ്ക്കു കിട്ടുമ്പോള്‍ 20 രൂപ കൊടുത്ത് ആരെങ്കിലും വാങ്ങുമോ എന്ന സംശയവും പരീക്ഷിക്കപ്പെട്ട് വിജയിച്ചില്ല.
മറ്റു കമ്പനികള്‍ 13 രൂപയ്ക്കു വില്‍ക്കുമ്പോള്‍ 20 രൂപയുടെ ബഹുരാഷ്ട്ര പച്ചവെള്ളം വാങ്ങിക്കുടിക്കാന്‍ മലയാളികള്‍ തയ്യാറാവുമോ? അങ്ങനെ വരുമ്പോള്‍ വില കുറയ്ക്കാന്‍ ബഹുരാഷ്ട്രന്‍മാരും തയ്യാറാവില്ലേ? സ്വാഭാവികമായും അതുണ്ടായില്ല. പകരം 20 രൂപയ്ക്ക് വെള്ളം വില്‍ക്കാമെന്നു വ്യാപാരികളും വാങ്ങിക്കുടിക്കാമെന്ന് നമ്മളും തത്ത്വത്തില്‍ ധാരണയാവുകയായിരുന്നു. എന്നാല്‍, ഇത്രയും കൂടിയ വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതും വില കുറയ്ക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതും മറ്റൊരു ഘടകമാണ്- പ്ലാസ്റ്റിക്കിന്റെ വില. കുടിവെള്ളം വില്‍പനയ്ക്ക് എത്തിക്കുന്ന പ്ലാസ്റ്റിക്കിനാണ് യഥാര്‍ഥത്തില്‍ നാം തീവില കൊടുക്കുന്നത് എന്നര്‍ഥം.
ഇപ്പോഴിതാ ഈ കുപ്പിവെള്ള പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഏറ്റവും വലിയ ഉല്‍പാദകര്‍ പാനീയ കുടിവെള്ള കമ്പനികളായ കൊക്ക കോലയും പെപ്‌സിയും നെസ്ലേയും ആണത്രേ. പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
42 രാജ്യങ്ങളിലായി സംഘടിപ്പിച്ച ശുചീകരണ പരിപാടികളുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം ബോധ്യമായതെന്നും ഗ്രീന്‍പീസ് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്ഡ്രിങ്ക് നിര്‍മാതാക്കളായ കൊക്കകോല തന്നെ പ്രതിപ്പട്ടികയില്‍ ഒന്നാമന്‍. കണക്കെടുപ്പ് നടത്തിയ 42 രാജ്യങ്ങളില്‍ നാല്‍പതിലും കൊക്കകോലയുടെ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയെന്നും ഗ്രീന്‍പീസ് പറയുന്നു.
കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യത്തില്‍ നല്ലൊരു ശതമാനവും കുപ്പിവെള്ള കുപ്പികളും കാപ്പിക്കപ്പുകളുമാണത്രേ. കുപ്പിവെള്ള വ്യവസായം വലിയൊരു പരിസ്ഥിതി ദുരന്തത്തിലേക്കാണ് ലോകത്തെ കൊണ്ടുപോവുന്നതെന്ന് ഈ കണക്കുകള്‍ പറയുന്നു. കുപ്പിയിലാക്കിയ ശീതളപാനീയങ്ങള്‍ വിപണിയിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ തന്നെ കഴിഞ്ഞെങ്കിലും ഇത്ര വലിയ പ്രശ്‌നമായി വളര്‍ന്നിരുന്നില്ല. ഇതിനു കാരണം മറ്റൊന്നായിരുന്നു.
ഉപയോഗശേഷം തിരിച്ചെടുത്ത് വീണ്ടും നിറച്ച് വിപണിയിലെത്തിക്കുന്ന ചില്ലു കുപ്പികളിലായിരുന്നു പണ്ടൊക്കെ പാനീയങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. എന്നാലിന്ന് കുടി കഴിഞ്ഞാല്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും പാക്കിങുകളും കാനുകളും ഒക്കെയാണ് ആളുകള്‍ക്ക് ഇഷ്ടം. കമ്പനികള്‍ക്കും അങ്ങനെ തന്നെ.
ഏതായാലും പ്രതിസ്ഥാനത്തുള്ള കമ്പനികള്‍ തന്നെ ഇതിനു പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുനചംക്രമണവും പുനരുപയോഗവും അടക്കമുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുള്ളതായാണ് കമ്പനികള്‍ പറയുന്നത്. 2030 ആവുമ്പോഴേക്കും റീസൈക്കിള്‍ ചെയ്യാവുന്ന പാക്കിങിലേക്ക് പൂര്‍ണമായും മാറുമെന്നാണ് കൊക്കകോല പറയുന്നത്. ഇതോടൊപ്പം പുനചംക്രമണം നടത്തിയ വസ്തുക്കള്‍ 50 ശതമാനത്തോളം ഉപയോഗപ്പെടുത്തുമെന്നും കമ്പനി പറയുന്നു. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവും കുറയ്ക്കുമത്രേ.
മനുഷ്യര്‍ ഇത്തരത്തില്‍ കുപ്പിവെള്ളം കുടിച്ചുകൊണ്ടിരുന്നാല്‍ 2050 ആവുമ്പോഴേക്കും കടലിലെ പ്ലാസ്റ്റിക് മാലിന്യം കടലിലെ ആകെ മല്‍സ്യങ്ങളുടെ ഭാരത്തേക്കാള്‍ കൂടുതലാവുമെന്ന് ഇതിനകം പുറത്തുവന്ന ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പുനചംക്രമണം എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും കൈയടിക്കാന്‍ വരട്ടെ. പ്ലാസ്റ്റിക് ഉരുക്കി ശുദ്ധീകരിച്ച് വീണ്ടും കുപ്പിയാക്കി മാറ്റുന്ന പരിപാടി എന്ത് ഓമനപ്പേരിട്ടു വിളിച്ചാലും കടുത്ത പരിസ്ഥിതിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതു തന്നെയാണ്. പുനചംക്രമണം ചെയ്യുമ്പോള്‍ പുറന്തള്ളുന്ന വിഷവാതകങ്ങള്‍ അന്തരീക്ഷത്തെ വിഷമയമാക്കുക തന്നെയാണു ചെയ്യുന്നത്. റീസൈക്ലിങിന് പകരം മറ്റൊരു 'ആര്‍' ആണ് ഇക്കാര്യത്തില്‍ ഫലപ്രദം- റെഫ്യൂസ്. നിരസിക്കുക. അതായത് പ്ലാസ്റ്റിക് കുപ്പിയിലെ കുടിവെള്ളം വേണ്ടെന്നു പറയുക. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഒരു കുപ്പിവെള്ളം കൈയില്‍ കരുതണം എന്നുതന്നെ. ി

RELATED STORIES

Share it
Top