കൈപ്പിഴയില്‍ പൊലിയുന്നത്് മനുഷ്യജീവന്‍

കെ  മുഹമ്മദ്  റാഫി

പ്രസവത്തിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയ്ക്ക് പ്രസവത്തിന് മണിക്കൂറുകള്‍ മുമ്പ് ഗൈനക്കോളജി വിഭാഗം വനിതാ ഡോക്ടര്‍ സിസ്സേറിയന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ 9ന് സിസ്സേറിയനിലൂടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ യുവതിയെ ലേബര്‍ റൂമില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡിലെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഡോക്ടര്‍ ഉടനെ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റി. കുറച്ചു കഴിഞ്ഞ് ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ തിടുക്കത്തില്‍ ലേബര്‍ റൂമിലേക്ക് പോകുന്നത് കണ്ട് ആശങ്കയിലായ യുവതിയുടെ ബന്ധുക്കള്‍ ഗുരുതരപ്രശ്‌നമുണ്ടെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ സിസ്സേറിയന്‍ നടത്തിയ വനിതാ ഗൈനക്കോളജി ഡോക്ടര്‍ ബന്ധുക്കളുടെ ആവശ്യത്തിനോട് പ്രതികരിച്ചില്ല. വൈകീട്ട് നാല് കഴിഞ്ഞപ്പോള്‍ യുവതി മരിച്ചതായി ഡോക്ടര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സിസ്സേറിയന് ശേഷം നല്‍കിയ മരുന്ന് മാറിയതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസ്വസ്ഥത കാട്ടിയ യുവതിയെ ബന്ധുക്കള്‍ ആവശ്യപ്പെട്ട സമയത്തെങ്കിലും മെഡിക്കല്‍ കോളജിലെത്തിച്ച് ചികില്‍സ നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ ആ പിഞ്ചുകുഞ്ഞിന് അമ്മയില്ലാതെ ജീവിക്കേണ്ടിവരുമായിരുന്നില്ല. ഇതേ വനിതാ ഡോക്ടര്‍ തന്നെയാണ് മാസങ്ങള്‍ മുമ്പ് ഉദര ശസ്ത്രക്രിയ നടത്തിയ സ്ത്രീയുടെ വയറ്റില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം മറന്നുവച്ച് തയ്യലിട്ടത്. ശസ്ത്രക്രിയക്ക് ശേഷം വയറുവേദന കലശലായ സ്ത്രീയെ ബന്ധുക്കള്‍ സമീപത്തെ കേന്ദ്രത്തിലെത്തിച്ച് സ്‌കാന്‍ ചെയ്തപ്പോഴാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ഈ ഉപകരണം പുറത്തെടുക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ ചികില്‍സയും ഡോക്ടറുടെ ചെലവിലായിരുന്നു എന്നതാണ് വസ്തുത. ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം വിധിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് നെടുമങ്ങാട് പേരുമല സ്വദേശിയായ അഞ്ചുവയസ്സുകാരിയെ പനിബാധിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടര്‍ മരുന്ന് നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തി ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് കൊടുത്ത കുട്ടി നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു. അന്നും മരുന്ന് മാറി നല്‍കിയതെന്നാണ് ആരോപണം. ഇതേ പോലെ തിമിര ശസ്ത്രക്രിയക്ക് വിധേയരായ അഞ്ചുപേരുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ശസ്ത്രക്രിയക്ക് ശേഷം കാഴ്ചനഷ്ടപ്പെട്ട അഞ്ചുപേരെയും തിരുവനന്തപുരത്തെ കണ്ണാശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശസ്ത്രക്രിയക്കിടയില്‍ ഡോക്ടറിന് പറ്റിയ കൈപ്പിഴ പുറത്തറിയുന്നത്. ഡോക്ടര്‍ പണം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കാഴ്ച നഷ്ടപ്പെട്ടവര്‍ മനുഷ്യാവകാശ കമ്മീഷനടക്കമുള്ളവരെ പരാതിയുമായി സമീപിക്കുകയായിരുന്നു. ഈ കേസിലും ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഉറ്റവരെ നഷ്ടപ്പെടുന്ന, ജീവിതം ഇരുളടയുന്ന നിരവധി കൈപ്പിഴകളാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നും ചികില്‍സ തേടിയെത്തുന്നവര്‍ക്ക് നേരിടേണ്ടിവരുന്നത്.

RELATED STORIES

Share it
Top