കൈത്താങ്ങായി കുടുംബശ്രീ; പ്രിന്‍സി സിനിക്ക് സുഗന്ധമാണ് ജീവിതം

തൃശൂര്‍: ജില്ലയിലെ പ്രദര്‍ശനമേളകളിലെ നിറസാന്നിധ്യമാണ് അയ്യന്തോള്‍ സ്വദേശിയായ പ്രിന്‍സി സിനി. സുഗന്ധം പരത്തുന്ന നൂറ് തരം പെര്‍ഫ്യൂമുകളാണ് പ്രിന്‍സി പ്രദര്‍ശന വിപണനത്തിനായി ഒരുക്കിയിട്ടുളളത്. ഒരു വര്‍ഷം മുമ്പാണ് പെര്‍ഫ്യും കച്ചവടത്തിന് മുന്നിട്ടിറങ്ങിയത്. 2006ല്‍ എംബിഎ പഠനം പൂര്‍ത്തിയാക്കിയ പ്രിന്‍സി എന്തെങ്കിലും വ്യത്യസ്ത ബിസിനസ്സ് തുടങ്ങണമെന്ന ആശയത്തിലാണ് പെര്‍ഫ്യൂം കച്ചവടം തിരഞ്ഞെടുത്തത്. ബന്ധു ഫെമിയില്‍ നിന്നാണ് പെര്‍ഫ്യൂം കച്ചവടത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ജില്ലാ വ്യവസായ വകുപ്പില്‍ നിന്നും പെര്‍ഫ്യൂം മേഖലയില്‍ പരിശീലനം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ എക്‌സിബിഷനുകളിലും പ്രിന്‍സിയുടെ പെര്‍ഫ്യൂംഹൗസ് സ്റ്റാള്‍ ഉണ്ട്. അതിന് വഴിയൊരുക്കിയത് കുടുംബശ്രീയാണന്ന കാര്യവും പ്രിന്‍സി എടുത്ത് പറയുന്നു.2017 ലാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ സിഡിഎസ് 2ലെ പൗര്‍ണമി അയല്‍ക്കൂട്ടത്തില്‍ പ്രിന്‍സി അംഗത്വമെടുക്കുന്നത്. ബന്ധു ഫെമിയുടെ സഹായത്തോടെ തലശ്ശേരിയില്‍ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പിന്നീട് ഐആര്‍ഡിപി, പട്ടാമ്പി സരസ്സ്, ബോ ണ്‍നത്താലെ, ഉത്രാളിക്കാവ് പൂരം, തൃശൂര്‍ പൂരം, സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം എന്നീ മേളകളിലെല്ലാം തന്നെ പെര്‍ഫ്യൂമുകളുമായി പങ്കെടുത്തിട്ടുണ്ട്. പ്രധാനമായും കോഴിക്കോട് നിന്നാണ് പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുത്ത് വാങ്ങുന്നത്. ഊദ്, ഓയില്‍ പെര്‍ഫ്യൂം, ഇംപോര്‍ട്ടഡ് ബോഡി സ്‌പ്രേ, അത്തര്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂംസ് എന്നിവയാണ് പെര്‍ഫ്യൂം ഹൗസില്‍ ഉളളത്. മൂന്ന്, പത്ത്, ആറ്, പതിനൊന്ന് മില്ലികളിലെ കുപ്പികളിലാണ് വില്‍പ്പന നടക്കുന്നത്. 50 മുതല്‍ 175 രൂപവരെയാണ് വില. പെര്‍ഫ്യൂം മാറുന്നതനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.  പ്രദര്‍ശന മേളകളില്‍ മാത്രമാണ് പെര്‍ഫ്യൂമുകളുടെ വില്‍പ്പന നടക്കുന്നത്. പട്ടാമ്പി സരസ് മേളയില്‍ ‘മെലഡി’ എന്ന് ഇവര്‍തന്നെ പേരിട്ടിരിക്കുന്ന പെര്‍ഫ്യൂം ചോദിച്ച് ധാരാളം പേര്‍ വന്ന ദിവസം ഉണ്ടെന്ന് പ്രിന്‍സി ഓര്‍ക്കുന്നു.  സരസ്‌മേളയില്‍ പെര്‍ഫ്യൂം വാങ്ങിയവര്‍ തൃശൂര്‍ പൂരം മേളയിലും അന്വേഷിച്ച് വന്നത് വളരെ സന്തോഷം ഉണ്ടാക്കിയെന്നും പ്രിന്‍സി പറഞ്ഞു. അയ്യന്തോ ള്‍ പുതൂര്‍ക്കര വലിയോടിപറമ്പില്‍ സിനി വിഹാറിലാണ് പെര്‍ഫ്യൂമുകള്‍ സൂക്ഷിക്കുന്നത്. ബന്ധുക്കള്‍, അയല്‍വാസികള്‍, ഡോക്ടര്‍, സുഹൃത്തുക്ക ള്‍, അയല്‍ക്കൂട്ടം അംഗങ്ങള്‍, മക്കളുടെ സുഹൃത്തുക്കള്‍ അധ്യാപകര്‍ എന്നിവരൊക്കെയാണ് പെര്‍ഫ്യൂം ഹൗസിന്റെ ഉപഭോക്താക്കള്‍. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച അച്ഛന്‍ ഷണ്‍മുഖനാണ് തന്റെ ബിസിനസ്സിന്റെ നട്ടല്ലെന്ന് പ്രിന്‍സി ആവേശപൂര്‍വ്വം പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയാണ് ഇവരെ മുന്നോട്ട് കൊണ്ടുപോകുന്നത്. മക്കളായ അനഘ, അഭിഷേക് എന്നിവര്‍ അവധിക്കാലത്ത് പ്രദര്‍ശനമേളയില്‍ സജീവമാണ്. കുടുംബശ്രീയാണ് തന്റെ പെര്‍ഫ്യൂം കച്ചവടത്തിന് വലിയ മാര്‍ക്കറ്റ് നേടിത്തന്നതെന്നും പ്രിന്‍സി കൂട്ടിചേര്‍ത്തു. ഭാവിയില്‍ സ്വന്തമായൊരു ഷോപ്പ് ആരംഭിക്കണമെന്നാണ് പ്രിന്‍സിയുടെ ആഗ്രഹം.

RELATED STORIES

Share it
Top