കൈത്തറിരംഗത്തേക്ക് കുടുംബശ്രീയും; യുവവീവ് പദ്ധതിക്ക് നാളെ തുടക്കം

കോഴിക്കോട്: കൈത്തറി നെയ്ത്ത് രംഗത്ത് നൂതന സാധ്യതകളൊരുക്കുന്ന യുവവീവ് പദ്ധതിക്ക് ജില്ലയില്‍ നാളെ തുടക്കമാകും. കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിനും കൈത്തറി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കി കൂടുതല്‍ യുവതീ യുവാക്കളെ ഈ മേഖലയില്‍ സംരംഭകരാക്കി മാറ്റുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് യുവവീവ്.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ നാളെ വൈകീട്ട് 4ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ ചോയിക്കുട്ടി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ മിഷനിലെയും വ്യവസായ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
കുടുംബശ്രീ മിഷനും ജില്ലാവ്യവസായ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. യന്ത്രത്തറിയുടെ വ്യാപനവും ഉപഭോഗത്തില്‍ വന്ന മാറ്റങ്ങളും നിമിത്തം പ്രതിസന്ധിലായ കൈത്തറി മേഖലയെ ഇതില്‍ നിന്നും കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കൈത്തറി നെയ്ത്ത് മേഖലയില്‍ തല്‍പ്പരരായ 18 നും 40 വയസ്സിനുമിടയില്‍ പ്രായമുള്ള യുവതീ യുവാക്കളെ കണ്ടെത്തി അവര്‍ക്ക് ഈ രംഗത്ത് മികച്ച പരിശീലനം ലഭ്യമാക്കി വിദഗ്ദ്ധ നെയ്ത്തുകാരാക്കി മാറ്റുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 25 ദിവസത്തെ പ്രായോഗിക പരിശീലനവും ഇതിനു ശേഷം മൂന്നുമാസത്തെ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടും ലഭ്യമാക്കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പരിശീലന കാലയളവില്‍ പ്രതിദിനം 200 രൂപ സ്റ്റൈപ്പന്റായി പരിശീലനാര്‍ഥികള്‍ക്ക് ലഭ്യമാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന സംരംഭകര്‍ക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്ത് സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കി തൊഴില്‍ചെയ്യാനുള്ള സാഹചര്യമൊരുക്കും. സ്വന്തമായി നെയ്ത്ത് തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്ന സംരംഭകരുണ്ടെങ്കില്‍ അവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന തറി തുടങ്ങിയ തൊഴിലുപകരണങ്ങള്‍ സൗജന്യമായി നല്‍കും.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 40 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഗുണഭോക്താക്കളെ കുടുംബശ്രീ സിഡിഎസുകള്‍ മുഖേനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കായി വ്യവസായ കേന്ദ്രം അധികൃതരുടെ നേതൃത്വത്തില്‍ അവബോധപരിപാടി നടത്തി ഇതില്‍ നിന്നും താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്ക് പ്രത്യേക അഭിമുഖം സംഘടിപ്പിച്ചാണ് ഗുണഭോക്തൃതിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 20 പേരടങ്ങുന്ന 2 ബാച്ചുകളില്‍ ആദ്യത്തെ പരിശീലനത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. കക്കോടി ഗ്രാമപ്പഞ്ചായത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയിലാണ് പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നത്. ഇതിനുശേഷം രണ്ടാമത്തെ ബാച്ചിനും സമയബന്ധിതമായി പരിശീലനം ലഭ്യമാക്കും.

RELATED STORIES

Share it
Top