കൈക്കൂലി: സിഐക്കും എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍

നെടുങ്കണ്ടം: കൈക്കൂലി നല്‍കിയില്ലെങ്കില്‍ വീട്ടില്‍ നടന്ന ആത്മഹത്യ കൊലപാതകമാക്കി കേസില്‍പ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ വാങ്ങിയ സംഭവത്തില്‍ നെടുങ്കണ്ടം സിഐ ബി അയ്യൂബ്ഖാന്‍, എഎസ്‌ഐ സാബു മാത്യൂ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
കൊച്ചി റേഞ്ച് ഐജിയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചതെന്ന് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ അറിയിച്ചു. ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച പ്രാഥമികാന്വേഷണ റിപോര്‍ട്ട് റേഞ്ച് ഐജിക്കു കൈമാറിയിരുന്നു. ഹൈറേഞ്ചില്‍ ജോലി ചെയ്യുന്ന പോലിസുകാരന്റെ ബന്ധുവില്‍നിന്നാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. ജില്ലാ പോലിസ് മേധാവിക്ക് ആത്മഹത്യചെയ്ത ഗൃഹനാഥന്റെ മകന്‍ സുലൈമാന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കണ്ടം സിഐ ബി അയ്യൂബ്ഖാനെ മുല്ലപ്പെരിയാറിലേക്കും സാബുവിനെ ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലേക്കും സ്ഥലംമാറ്റിയിരുന്നു.
സംഭവത്തില്‍ അന്വേഷണച്ചുമതല നല്‍കിയിരുന്ന ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ഡിവൈഎസ്പി പി സുകുമാരന്റെ പ്രാഥമികാന്വേഷണത്തില്‍ പണം നല്‍കിയതിനു തെളിവു ലഭിച്ചതോടെയാണ് രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 6നു തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്ത(86)റെ വീടിനുള്ളില്‍ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അസുഖബാധിതനായതിനെ തുടര്‍ന്നുള്ള മനോവേദനയിലാണ് മീരാന്‍ റാവുത്തര്‍ മരിച്ചതെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. അതേസമയം, നെടുങ്കണ്ടം സ്‌റ്റേഷനില്‍ വിവാദങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായതിനിടെ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്ന സിഐ റെജി എം കുന്നിപ്പറമ്പന്‍ തിങ്കളാഴ്ച മുതല്‍ ചുമതലയേല്‍ക്കും. ആറുമാസത്തെ മെഡിക്കല്‍ ലീവിനു ശേഷമാണ് വീണ്ടും റെജി എം കുന്നിപ്പറമ്പന്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെത്തുന്നത്.

RELATED STORIES

Share it
Top