കൈക്കൂലി നല്‍കാന്‍ മുഖ്യപ്രതി ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 10 ലക്ഷം രൂപ

ശ്രീനഗര്‍: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സന്‍ജിറാം സംഭവത്തിനു മുന്നോടിയായി 10 ലക്ഷം രൂപ പോലിസുകാര്‍ക്ക് കൈക്കൂലി നല്‍കുന്നതിനായി ബാങ്ക് അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഒളിപ്പിക്കുകയും ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്ത കഠ്‌വ ദേവിസ്ഥാന്‍ ക്ഷേത്ര രക്ഷാധികാരിയും റിട്ട. റവന്യൂ ഉദ്യോഗസ്ഥനുമായ സന്‍ജിറാം ഘട്ടംഘട്ടമായാണു പണം പിന്‍വലിച്ചത്.
പ്രതികളെ സംരക്ഷിക്കുന്നതിന് നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനാണ് പിന്‍വലിച്ച പണത്തിന്റെ ഒരു ഭാഗം ചെലവഴിച്ചത്. സന്‍ജിറാം, മകന്‍ വിശാല്‍ ജങ്കോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ (എസ്പിഒ) ദീപക് ഖജൂരിയ, പര്‍വേഷ് കുമാര്‍ എന്നിവരോടൊപ്പം സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബില്‍ തിലക് രാജ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം ഒതുക്കിത്തീര്‍ക്കുന്നതിന് കേസ് ആദ്യം അന്വേഷിച്ച ഹിരാനഗര്‍ പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തുമായി അഞ്ചു ലക്ഷം രൂപയുടെ കരാറിലെത്തുകയും ഇതില്‍ നാലു ലക്ഷം രൂപ കൈമാറുകയും ചെയ്തിട്ടുണ്ട്. പണം ലഭിച്ചതിനു പിന്നാലെ എസ്‌ഐ തെളിവുകള്‍ നശിപ്പിക്കുകയും വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. കൂടാതെ സഹോദരിയും പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ അമ്മയുമായ ത്രിപ്തി ദേവി കൈവശം ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിന് 1.5 ലക്ഷം രൂപയും സന്‍ജിറാം കൈമാറിയിട്ടുണ്ട്. അതേസമയം, ഇയാളുടെ വീട്ടില്‍നിന്ന് ബാക്കി തുക കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ഒളിവില്‍പോയ സന്‍ജി ബാക്കി തുക ഒളിപ്പിച്ചതായാണ്  വിലയിരുത്തല്‍.

RELATED STORIES

Share it
Top