കൈക്കൂലി : തമിഴ്‌നാട് മുഖ്യമന്ത്രിക്ക് എതിരേ നടപടിന്യൂഡല്‍ഹി: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലി നല്‍കിയ കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ആരോഗ്യമന്ത്രി സി വിജയ് ഭാസ്‌കര്‍, അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ എന്നീ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു മറുപടിയായാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ വ്യക്തി കമ്മീഷന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്തതു സംബന്ധിച്ച് വിജയ് ഭാസ്‌കറിന്റെ വസതിയില്‍ നടന്ന പരിശോധനകളില്‍ നിരവധി രേഖകള്‍ ലഭിച്ചതായി ആദായനികുതി വകുപ്പ് നേരത്തേ കമ്മീഷനെ അറിയിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ നടപടി വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ദിനകരനു വേണ്ടി വോട്ട് ചെയ്യാന്‍ 89 കോടി രൂപ വിതരണം ചെയ്‌തെന്നു കണ്ടെത്തിയതോടെ ഏപ്രില്‍ 12നു നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ജയലളിതയുടെ മരണത്തിനു പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ചിരിക്കെ പാര്‍ട്ടിയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പു കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. അത് ലഭിക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന് നേരത്തേ ദിനകരന്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ആഡംബര കാറില്‍ 1.3 കോടി രൂപ സഹിതം പോലിസ് പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളികളും ഹവാലാ ഇടപാടുകാരുമായ നത്തു സിങ്, ലളിത് കുമാര്‍ എന്നിവരെ പിന്നീട് പോലിസ് പിടികൂടുകയും അന്വേഷണം ദിനകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളിലേക്കു നീളുകയും ചെയ്തു. തുടര്‍ന്ന് ദിനകരന്‍ അടക്കമുള്ളവരെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഈ കേസില്‍ ദിനകരനും കൂട്ടുപ്രതികളും ജാമ്യത്തിലാണ്.

RELATED STORIES

Share it
Top