കൈക്കൂലി: അഗ്രികള്‍ചറല്‍ ഫീല്‍ഡ് ഓഫിസര്‍ അറസ്റ്റില്‍

കാക്കനാട്: സ്ഥലപരിശോധനാ റിപോര്‍ട്ട് അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട അഗ്രികള്‍ചറല്‍ ഫീല്‍ഡ് ഓഫിസറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ അഗ്രികള്‍ചറല്‍ ഫീല്‍ഡ് ഓഫിസര്‍ എന്‍ ജി ജോസഫാണ് അറസ്റ്റിലായത്. എറണാകുളം കലക്ടറേറ്റ് പരിസരത്തുവച്ച് കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള എറണാകുളം സെന്‍ട്രല്‍ റേഞ്ച് വിജിലന്‍സ് സംഘം പിടികൂടിയത്.
ലോണെടുക്കുന്നതിനു ബാങ്കില്‍ ഹാജരാക്കാന്‍ സ്ഥലപരിശോധനാ റിപോര്‍ട്ടിന് അപേക്ഷിച്ച മൂവാറ്റുപുഴ സ്വദേശിയോട് ഇയാള്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡുവായി 50,000 രൂപ സപ്തംബര്‍ 26ന് കലക്ടറേറ്റ് പരിസരത്തുവച്ച് കൈമാറാനായിരുന്നു ധാരണ. അത്രയും പണമില്ലാത്തതിനാല്‍ അഡ്വാന്‍സായി 10,000 രൂപ നല്‍കാമെന്നു സമ്മതിച്ച സ്ഥലമുടമ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ 10,000 രൂപയുടെ നോട്ടുകെട്ട് സ്ഥലമുടമയ്ക്കു നല്‍കിയ ശേഷം ഇന്നലെ ഉച്ച മുതല്‍ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ മീറ്റിങില്‍ പങ്കെടുക്കാനാണ് ജോസഫ് ഇന്നലെ കലക്ടറേറ്റില്‍ എത്തിയത്. മീറ്റിങ് കഴിഞ്ഞ ശേഷം മുന്‍ധാരണ പ്രകാരം രൂപ കൈപ്പറ്റുന്നതിന് കലക്ടറേറ്റ് കാംപസില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂവാറ്റുപുഴ സ്വദേശിയുടെ കാറിനുള്ളില്‍ കയറിയിരുന്ന് പറഞ്ഞുറപ്പിച്ച പണം ജോസഫ് കൈപ്പറ്റി എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ നോട്ടില്‍ പൊടി കണ്ട് നോട്ട് വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മഫ്ടിയില്‍ പരിസരത്തു നിലയുറപ്പിച്ചിരുന്ന വിജിലന്‍സുകാര്‍ പിടികൂടിയത്.
വിജിലന്‍സ് ഡിവൈഎസ്പി ഡി അശോക് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍, എഎസ്‌ഐമാരായ പി ബി സാലി, ജോമോന്‍ ജോസഫ്, സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് ഓഫിസര്‍മാരായ എല്‍ രജീഷ്, കെ കെ സുനില്‍ കുമാര്‍, എഎസ്‌ഐ പ്രതാപചന്ദ്രന്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ മനോജ് തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

RELATED STORIES

Share it
Top