കൈക്കുഴയില്‍ വിസ്മയം തീര്‍ത്ത് കുല്‍ദീപ്; ഇംഗ്ലീഷ് മണ്ണില്‍ റെക്കോഡ് നേട്ടം


നോട്ടിങ്ഹാം: ആതിഥേയരായ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഇഷ്ടമൈതാനമാണ് നോട്ടിങ്ഹാമിലെ ട്രന്റ്്ബ്രിഡ്ജ്. കാരണം ഏകദിനത്തില്‍ 400ന് മുകളില്‍ രണ്ട് തവണ ഇംഗ്ലീഷ് ടീം പിന്നിട്ടത് ഈ മൈതാനത്തിലാണ്. കഴിഞ്ഞ മാസം കരുത്തരായ ആസ്‌ത്രേലിയക്കെതിരേ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറായ 481 റണ്‍സ് ഇംഗ്ലണ്ട് അടിച്ചെടുത്ത് ഇതേ മൈതാനത്താണ്. ഇങ്ങനെ റെക്കോഡുകള്‍ ഏറെയുള്ള ഈ മൈതാനത്ത് ഇന്ത്യയ്‌ക്കെതിരേ പാഡണിയുമ്പോഴും ഇംഗ്ലീഷ് ടീമിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെല്ലാം കുല്‍ദീപ് യാദവ് എന്ന ചൈനാമന്‍ ബൗളറുടെ മികവിന് മുന്നില്‍ തകര്‍ന്നുവീണു. കൈക്കുഴയില്‍ ഗൂഗ്ലിയും ലെഗ് ബ്രേയ്ക്കുകളും ഒരുപോലെ പിറവിയെടുക്കുന്ന കുല്‍ദീപിന് മുന്നില്‍ സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ബാറ്റ്‌സ്മാന്‍മാരെ അതിരുവിട്ട് പിന്തുണയ്ക്കുന്ന നോട്ടിങ്ഹാം മൈതാനത്ത് പന്തുകൊണ്ട് വിസ്്മയം തീര്‍ത്ത കുല്‍ദീപ് ഒരുപിടി റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇടം കൈയന്‍ സ്പിന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് കുല്‍ദീപ് ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്തത്. 10 ഓവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റ് പുഴുത കുല്‍ദീപ് തകര്‍ത്തത് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക് റെക്കോഡാണ്. മുംബൈയില്‍ നടന്ന ആസ്‌ത്രേലിയക്കെതിരായ മല്‍സരത്തില്‍ 27 റണ്‍സിന് ആറ് വിക്കറ്റ് മുരളി കാര്‍ത്തിക് സ്വന്തമാക്കിയിരുന്നു. കൂടാതെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാലാമത്തെ മികച്ച ബൗളിങ് പ്രകടനമാണ് കുല്‍ദീപിന്റേത്.  നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയും 12 റണ്‍സിന് ആറ് വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയും 23 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ആശിഷ് നെഹ്‌റയുമാണ് ഈ റെക്കോഡില്‍ കുല്‍ദീപിന് മുന്നിലുള്ളത്.
കൂടാതെ ഇംഗ്ലീഷ് മണ്ണില്‍ ഒരു സ്പിന്‍ബൗളര്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. 2004ല്‍ കെനിയക്കെതിരേ 11 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാക് താരം ഷാഹിദ് അഫ്രീദിയുടെ റെക്കോഡാണ് കുല്‍ദീപിന് മുന്നില്‍ തകര്‍ന്നത്. 1998ല്‍ ശ്രീലങ്കയുടെ ഇതിഹാസ ബൗളര്‍ മുത്തയ്യ മുരളീധരന്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 34 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന പ്രകടനവും കുല്‍ദീപിന് മുന്നില്‍ തകര്‍ന്നു.

RELATED STORIES

Share it
Top