കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ക്ക് ആശ്വാസമായി ആട്ടുതൊട്ടില്‍

പൊന്‍കുന്നം: കൈക്കുഞ്ഞുങ്ങളുമായി ചിറക്കടവ് പഞ്ചായത്തിലെത്തുന്ന അമ്മമാര്‍ക്കിനി ആശ്വാസിക്കാം. കുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കാന്‍ ആട്ടുതൊട്ടില്‍ തയ്യാറാക്കിയിരിക്കുകയാണ് ചിറക്കടവ് പഞ്ചായത്ത്. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്ന അമ്മമാരുടെ ദുരിതം കണ്ടറിഞ്ഞാണ് പഞ്ചായത്ത് ഇത്തരത്തില്‍ ഒരു പരിഷ്‌ക്കാരം നടപ്പാക്കിയത്.ഫ്രണ്ട് ഓഫിസിനു മുന്നിലായി സ്ഥാപിച്ചിരിക്കുന്ന തൊട്ടിലില്‍ കുട്ടികളെ ആട്ടി ഉറക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ തൊട്ടിലില്‍ ഉണ്ണിയേശുവിനെ കിടത്തി തൊട്ടില്‍ അലങ്കരിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങുന്നതിന് ആവശ്യമായ തൊട്ടില്‍ തയ്യാറാക്കുന്നത്. കൂടാതെ പഞ്ചായത്തില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ടിവി കാണുന്നതിനാവശ്യമായ സൗകര്യവും പഞ്ചായത്ത് അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു വനിതയായ തനിക്ക് അമ്മമാരുടെ വേദന വേഗം മനസ്സിലാവുന്നതിലാണ് ഇത്തരത്തില്‍ ഒരു തൊട്ടില്‍ പഞ്ചായത്തില്‍ ഒരുക്കാന്‍ തയ്യാറായതെന്ന് പഞ്ചായത്ത പ്രസിഡന്റ് ജയാശ്രീധര്‍ പറഞ്ഞു. പഞ്ചായത്ത് ഓഫിസിന്റെ ബഹുനിലയിലേക്ക് അംഗപരിമിതര്‍ക്കും,വൃദ്ധര്‍ക്കും,അമ്മമാര്‍ക്കും നടന്നുകയറാനുള്ള ബുദ്ധിമുട്ട് മുന്‍ നിര്‍ത്തി ലിഫ്റ്റ് സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍.

RELATED STORIES

Share it
Top