കൈക്കുഞ്ഞിന്റെ വള കവര്‍ന്ന യുവാവ് അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍കോളജിന് മുന്‍വശത്തെ മരുന്നുകടക്കരികില്‍ നിന്നും കുട്ടിയുടെ സ്വര്‍ണ വളകവര്‍ന്ന കേസില്‍ പ്രതിയെ മഞ്ചേരി പൊലിസ് അറസ്റ്റുചെയ്തു. പൂക്കോട്ടൂര്‍ പളളിപ്പടി പൂനൂര്‍ ഹൗസില്‍ ജംഷാദ് (35) ആണ് അറസ്റ്റിലായത്. പുല്ലാര ചെമ്പ്രമ്മല്‍ വാടകക്ക് താമസിക്കുകയാണിയാള്‍.
ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ സ്‌റ്റോറിന് മുന്നില്‍ മാതാവ് എടുത്തു നില്‍ക്കുകയയിരുന്ന ഒന്നരവയസ്സുളള കുട്ടിയുടെ നാലുഗ്രാം തൂക്കമുളള വളയാണ് ജംഷാദ് കവര്‍ന്നത്. കവര്‍ച്ച നടത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്നവര്‍ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കടയുടെ മുന്നിലുണ്ടായിരുന്ന സിസിടിവി കാമറയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തംഗമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. മങ്കട പടിക്കാട്ട് ശുഐബിന്റെ മകള്‍ ഒന്നര വയസ്സുകാരി ഷസ ഫാത്തിമയുടെ വളയാണ് നഷ്ടപ്പെട്ടിരുന്നത്. അഡീഷണല്‍ എസ്‌ഐ നസിറുദ്ദീന്‍ നാനാക്കല്‍, എഎസ്‌ഐ എം പി എ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top